
ഉസ്താദിന്റെ വാക്കുകളില്‍ നിന്നാണ് മുസല്മാനാവുന്നതിന്റെ ആദ്യ വേദനയെക്കുറിച്ച് അയാള്‍ തിരിച്ചറിഞ്ഞത്. മുന്‍ഗാമികളുടെ പാതയില്‍, ത്യാഗത്തിന്റെ ഒരു സമര്‍പ്പണമായി പരിച്ഛേദമെന്ന ആ കര്‍മ്മം അയാളെ ഒരു മുസല്മാനാക്കിയിരിക്കുന്നുവെന്നും, ജന്മം കൊണ്ടു മാത്രം ആരും മുസ്ലിമാകുന്നില്ലെന്നും വിശ്വാസവും കര്മ്മങ്ങളുമാണു ഒരാളെ മുസ്ലിമാക്കുന്നതെന്നും അയാളെ പഠിപ്പിച്ചതു ഉസ്താദാണ്.
ഉസ്താദില്‍ നിന്നാണ് സിറാജ് പലതും പഠിക്കുന്നത്. അഖ്ലാക്ക് എന്ന പെരുമാറ്റശാസ്ത്രം, സീറ എന്ന പ്രവാചക ചരിത്രം, ദീനിയാത്ത് എന്ന വിശ്വാസപ്രമാണം, ഫിഖ്ഹ് എന്ന കര്‍മ്മശാസ്ത്രം പിന്നെ ഖുര്‍ആനും ഇതൊക്കെയായിരുന്നു മദ്രസ്സയിലെ പഠനവിഷയങ്ങള്‍. ചെറിയ ക്ലാസ്സുകളിലെ *ഖാഇദകള്‍ അറബി മലയാളത്തിലുള്ളതായിരുന്നു. ഭാഷ അറബിയും ലിപി മലയാളവും. സിറാജിനു ഏറെ ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു ഈ പുതുഭാഷ. സ്കൂളിലെ നോട്ടു ബുക്കുകളുടെ കട്ടി ബയന്റിട്ട പുറം ചട്ടകളില്‍ അഭിമാനത്തോടെ സിറാജ് തന്റെ വിലാസം ഈ അറബി മലയാളം ഭാഷയില്‍ കോറിയിട്ടിരുന്നു. ഈ ഭാഷയിലൂടെയാണ് അയാള്‍ മൌലൂദുകളിലൂടെയും, റാത്തീബുകളിലൂടെയും, മാലകള്‍ എന്നറിയപ്പെടുന്ന കാവ്യങ്ങളുടെയും ഹ്രുദയത്തിലൂടെ സഞ്ചരിച്ചത്...
കലങ്ങിത്തെളിയുന്ന ചിന്തകളില്‍ വീണ്ടും ഓത്ത് പള്ളി തെളിഞ്ഞു.. അയാള്‍ ഓര്‍മ്മകളുടെ ചുഴിക്കുത്തിലേക്കു ഊളിയിട്ടിറങ്ങി.
* * * * * * *
പള്ളിയില്‍ നിന്നു അല്‍പ്പം അകലെയായിട്ടാണ് ഓത്തു പള്ളി. ഓടിട്ട കൊച്ചു കെട്ടിടത്തിനു മുമ്പില്‍ തൂങ്ങിയാടുന്ന നരച്ച ബോര്‍ഡില്‍ "ഷംസുല്‍ ഇസ്ലാം മദ്രസ" എന്ന് പച്ച ചായത്തില്‍ എഴുതിയിരിക്കുന്നതു അവ്യക്തമായതിനാല്‍ വായിക്കാന്‍ കഴിയുമായിരുന്നില്ല. ഹാളിനുള്ളില്‍ തലങ്ങും വിലങ്ങും നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളും നീളന്‍ മേശകളും. താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്കു ബെഞ്ച് മത്രമേയുള്ളു. മുസ്ഹഫ് ഓതിത്തുടങ്ങുമ്പോള് മുതല്‍ നീളന്‍ മേശകള്‍ ഉപയോഗിക്കാം.
തട്ടിന്‍പുറം നിറയെ ഈറ്റക്കമ്പുകളില്‍ കെട്ടിയുണ്ടാക്കിയ കടലാസ് കൊടികളും തോരണങ്ങളും, ബാനറുകളുമാണു. കഴിഞ്ഞു പോയ നബി ദിനാഘോഷത്തിന്റെ ബാക്കി പത്രങ്ങളാണ് മാറാലയും പൊടിയും പിടിച്ചു കിടക്കുന്നത്.തറയോടു പാകിയ നിലം അവിടവിടെയായി പൊട്ടിയും വിണ്ടും കിടന്നു. ആണ്‍കുട്ടികള്‍ കുഴികളില്‍ കാലുകള്‍ ഇറക്കിത്തിരിച്ചു ചെറിയ വിള്ളലുകല്‍ എന്നും വലുതാക്കിക്കൊണ്ടിരുന്നു. പൊട്ടി വീഴുന്ന ഓടു കഷണങ്ങള്‍ പെറുക്കി ക്കൊണ്ടു പോയി പെണ്‍കുട്ടികള്‍ 'അക്ക്' കളിച്ചു. വരുമാനം കുറഞ്ഞ ജമാഅത്തായതിനാല് പള്ളിക്കൈത്താനക്കാര് ഈ വക അസൌകര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
കൂലിപ്പണിക്കാരും എസ്റ്റേറ്റു പണിക്കാരും അടങ്ങിയ ദേശമുസ്ലികളില് അഞ്ചു നേരത്തെ വഖ്ത്തിനു വളരെ കുറച്ചു പേരെ നിസ്ക്കരിക്കാന്‍ വരുമായിരുന്നുള്ളു. അതും പ്രായം ചെന്നവര്‍.
പിന്നെ മദ്രസയിലെ കുട്ടികളാണ്.
ബാക്കിയുള്ളവര്‍ ഉസ്താദിന്റെ ഭാഷയില്‍ "ഒക്കുമ്പ സ്വല്ലികളാണു"
"സ്വല്ലി" എന്നാല്‍ നമസ്ക്കരിക്കുന്നവന് എന്നു അറബി.
വര്‍ഷാവര്‍ഷം ജനങ്ങള്‍ക്കു ആത്മീയാവബോധമുണ്ടാവാന് നബിദിനത്തോറ്റനുബന്ധിച്ചു വഅളു എന്ന മത പ്രഭാഷണ പരമ്പര നടത്താറുണ്ട്. എങ്കിലും ജനം ലൌകികത വിട്ടു തിരിച്ചു വന്നില്ല. വിശപ്പായിരുന്നു അവരുടെ പ്രശ്നം. ഇതു മനസ്സിലാക്കിയതു കൊണ്ടാവണം ഉസ്താദ് അവരെ അധികം നിര്‍ബന്ധിച്ചില്ല.
എന്നാല്‍ റമളാനില്‍ ഹാജര്‍ നിര്‍ബന്ധമായിരുന്നു.
എഴുപതു മുതല്‍ എഴുപതിനായിരം മടങ്ങു വരെ കിട്ടുന്ന പുണ്യത്തിനായി ദേശവാസികള്‍ വര്‍ഷത്തില്‍ ഒരു മാസം എല്ലാം ത്യജിച്ചു, നോമ്പു നോറ്റു പള്ളിയില്‍ തമ്പടിച്ചു.
ഉസ്താദിനു അതു മതിയായിരുന്നു. ഒരു മാസത്തെ ആത്മവിശുദ്ധിയുടെ നാളുകളില്‍ ഒരു ജനതയുടെ വിശ്വാസത്തിന്റെ ചരടുകള്‍ ഉസ്താദ് അഴിച്ചും നൂര്‍ത്തും മുറുക്കി കെട്ടിക്കൊടുത്തു.
മദ്രസ മുതല്‍ പള്ളി വരെ ഇരു വശവും പരന്നു കിടക്കുന്ന പറമ്പ് "ഖബര്സ്ഥാന്" ആണ്. വര്‍ഷങ്ങളായി പൂര്‍വ്വികര്‍ അന്തിയുറങ്ങുന്ന നിശബ്ദകുടീരങ്ങള് !
പുതിയ ഖബറുകള്‍ ദൂരെ കെട്ടിയുയര്‍ത്തിയ കയ്യാലക്കു സമീപമായതിനാല് വഴി വക്കിലെ പഴയ ഖബറുകളുടെ ഇടയിലൂടെയാണു മദ്രസയിലെ കുട്ടികള്‍ ഓടിക്കളിക്കുന്നത്. ഖബറുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കൊങ്ങിണിച്ചെടികളും കാട്ടുപേരകളും വന്നു മൂടിയിരിക്കുന്നു. ഇടക്കു ഒറ്റപ്പെട്ട് നില്ക്കുന്ന കാറ്റാടി മരങ്ങള്‍ കാറ്റിനെ ആവാഹിച്ചു നിര്‍ത്തിയതില്‍ കൊങ്ങിണിപ്പൂക്കളുടെ ഗന്ധം നിറഞ്ഞു ഖബറിസ്ഥാന് മുഴുവനും എന്നും പരന്നൊഴുകിയിരുന്നു.
സിറാജ് മരണം കാണുന്നതു ഇവിടെയാണ്.
പഴുത്ത പുളിയുള്ള കാട്ടു പേരക്ക തേടി പോയതായിരുന്നു അവന്. ഷറഫുദ്ദീനും മോയിനും ഒപ്പമുണ്ടായിരുന്നു.
ഇടതൂര്‍ന്ന കൊങ്ങിണിച്ചെടികള്‍ തള്ളിമാറ്റി ഉള്ളിലേക്കു പോകുമ്പോള്‍ ഉണങ്ങിത്തുടങ്ങിയ ചുള്ളിക്കമ്പുകള്‍ അകത്തേക്കു ഒടിഞ്ഞ് മാറി ഗുഹ പോലെ രൂപാന്തരപ്പെട്ടു. സാഹസികനായ പട്ടാളക്കാരനെപ്പോലെ സിറാജ് അകത്തേക്കു നൂഴ്ന്നു പോയി.പിന്നില്‍ ഇരുട്ട് കൂടി വരുന്നതും, ഷറഫും മോയിനും ദൂരത്തായതും സിറാജറിഞ്ഞില്ല.
കുലകള്‍ നിറയെ പഴുത്ത പുളിയന്‍ പേരക്കകള്‍!
സിറാജ് കാലൂന്നി നിന്ന് പേരക്കമ്പുകളില് തൊട്ടു.
പൊടുന്നനെയാണതുണ്ടായത്.
കാലടികളില്‍ നിന്നു മണ്ണ് പറിഞ്ഞു പോകുന്നതും ആരോ തന്നെ താഴേക്ക് വലിച്ചെടുക്കുന്നതും സിറാജറിഞ്ഞപ്പോല് ഉള്ളില്‍ ഒരാന്തലുണ്ടായി. കുഴിയിലേക്കു ആരോ വലിച്ചടുപ്പിക്കുകയാണ്..
"ഉമ്മാ .." സിറാജ് അലറിക്കരഞ്ഞു...
ഇരുട്ടിന്റെ ലോകത്തേക്കു പോവുകയാണു..
നനഞ്ഞ മണ്ണിന്റെ മണം..
ഇതാ ഇവിടെ ആരോ തന്നെ മരണത്തിന്റെ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്.
ഉസ്താദിന്റെ പാഠങ്ങള്‍ അവനോര്‍ത്തു...
മരിച്ചവന്റെ വാസസ്ഥലമായ ഖബര്‍!
മരിച്ചവനെ ചേര്‍ത്തണക്കുന്ന മാതാവായ ഭൂമി!
മണ്ണില്‍ നിന്നു സൃഷ്ടിക്കപ്പെട്ട മനുഷ്യന് മണ്ണിലേക്കു തന്നെ മടങ്ങുകയാണ്..
അവന്റെ കാല്ക്കല് മലക്കുകള്‍ എത്തിയിരിക്കുന്നു...വിചാരണ തുടങ്ങുവാന്‍...
ദ്രവിച്ച് പൊടിഞ്ഞ ഖബറിന്റെ അടപ്പു പലകയിലെ തുളയിലൂടെയാണ് താന്‍ അടര്‍ന്നു വീണതെന്നു തിരിച്ചറിയുമ്പോഴേക്കും സിറാജ് മരണത്തിന്റെ മണം അറിഞ്ഞു കഴിഞ്ഞിരുന്നു..
മരണം ഒരു വലിയ അദ്ധ്യാപകനാണ്.. പക്ഷെ പാഠം പഠിച്ച ശിഷ്യരെ അതു ഒരിക്കലും തിരിച്ചയക്കില്ല. എന്നാല്‍ മരണത്തിന്റെ മണമറിഞ്ഞ് സിറാജ് തിരിച്ചു വന്നു....
* * * * * * *
ളുഹര്‍ ബാങ്കു കേട്ടാല്‍ ആണ്‍കുട്ടികള്‍ മദ്രസയില്‍ നിന്നു വരിവരിയായി പള്ളിയിലേക്കു നീങ്ങിത്തുടങ്ങും. അന്നൊരു ളുഹറായിരുന്നു.
പള്ളികവാടത്തില്‍ കൈ തടഞ്ഞ് ലബ്ബമൈതീന്‍ നിന്നു. പിഞ്ഞിത്തുടങ്ങിയ ജുബ്ബ കരിമ്പനടിച്ചു ചവണ്ടു നാറിത്തുടങ്ങിയിരുന്നു. മുഷിഞ്ഞു നാറിയ തലപ്പാക്കെട്ടു അഴിഞ്ഞതു നിലത്തു കൂടി ഇഴഞ്ഞു കിടന്നു.
"അനക്കൊന്നു പോയി കുളിച്ചൂടേടാ *ഹിമാറെ...യ്യ് നിസ്കരിക്കിണില്ലേ?"ചൂരടിച്ച ഉസ്താദ് മൂക്കു പൊത്തി.
ലബ്ബ മൈതീന്‍ ഇടഞ്ഞു നിന്നു.
"പള്ളിപ്പറമ്പ് കെളക്കണം, ഹൌളു തേച്ചു കയുകണം, പള്ളിക്കാത്തെ പായ വെയിലത്തിട്ടു ഒണക്കണം, മവ്ലവിക്കു ചോറു വാങ്ങിക്കാമ്പോണം, മോതീനില്ലാത്തപ്പം വാങ്കു വിളിക്കണം, ഇഞ്ഞി ഞാന്‍ അമനുക്കു നിസ്കരിച്ചൂടെ കൊടുക്കണോ?"
"ആര്‍ക്കു?" ഉസ്താദ് വാ പിളര്‍ന്നു
"പടച്ചോനു തന്നെ"
ഉത്തരം കേട്ടു ഉസ്താദ് തരിച്ചു നിന്നു.
സിറാജ് കണ്ട ആദ്യ ദൈവ നിഷേധിയായിരുന്നു ലബ്ബമൈതീന്‍!
ഈ ജോലികളൊക്കെ ചെയ്യുന്നതിനു പള്ളിക്കമ്മറ്റിക്കാരോടു കണക്കു പറഞ്ഞു കാശുവാങ്ങിക്കുന്നത് പോരാഞ്ഞ് ഉസ്താദിന്റെ വക കൈക്കാശും, പള്ളിയില്‍ വരുന്നവരുടെ കയ്യില്‍ നിന്നു സക്കാത്തും വാങ്ങുന്നുണ്ട്. എന്നാലും കുറ്റം ഇപ്പോള്‍ പടച്ചവനാണ്.
"അന്റെ ഹലാക്കിലെ ഒരു ഞായം പോയി കുളിച്ചു ഒളുവെടുത്തു വാടാ ശൈത്താനേ... " ഉസ്താദ് ഗര്‍ജ്ജിച്ചു കൊണ്ടു മൈതീനു മുമ്പിലേക്കു കുതിച്ചു..
സംഗതി ഗുരുതരമാകുമെന്നു കണ്ട ലബ്ബമൈതീന്‍ വാണം വിട്ട പോലെ പടിയിറങ്ങി പള്ളിക്കുളത്തിനടുത്തേക്കു പാഞ്ഞു..
"ത്രേ ഒള്ള് ഉസിരില്ലാത്തവന്"
ഉസ്താദ് ചിരിച്ചു കൊണ്ടു അകത്തേക്കു നടന്നു.
പുറകെ വാലു പോലെ സിറാജും...
----------------------------------------------------------------------------
ഖാഇദ: മതപാഠപുസ്തകം
മുസ്ഹഫ്: ഖുറാന് പതിപ്പ്
ഒളു: പ്രാര്‍ത്ഥനക്കുള്ള അംഗസ്നാനം
വഖ്ത്ത് : നമസ്കാര സമയം
ഹിമാറ് : കഴുത