Wednesday, March 29, 2006

6

ലബ്ബമൈതീനു സ്വന്തം വീടുണ്ടായിരുന്നില്ല. ലബ്ബമൈതീനു മാത്രമല്ല ദേശക്കാരില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ സ്വന്തമായി വീടുണ്ടായിരുന്നുള്ളു.

ബാക്കിയുള്ളവര്‍ എസ്റ്റേറ്റുകാരുടെ 'ലയ'മെന്നറിയപ്പെടുന്ന നീളന്‍ വീടുകളില്‍ പറ്റമായി താമസിച്ചു.
മണിമലയാറു മുതല്‍ സഹ്യന്റെ ഒരു കഷണമായ പീലിക്കുന്ന് വരെ നീണ്ടു കിടക്കുന്നതാണ്‌ ദേശത്തിന്റെ ഭൂപ്രകൃതി.
പീലിക്കുന്നിനപ്പുറം രാജമുടി എന്ന കൊടുംകാടും, കാടിറങ്ങിയാല്‍ മറവന്മാരുടെ പാണ്ടിദേശവുമാണ്‌.
മണിമലയാറിന്റെ കരയില്‍ വിശാലമായിക്കിടക്കുന്ന ചാക്കോ മൂപ്പന്റെ തെങ്ങിന്‍തോപ്പു മുതല്‍ പിള്ളേച്ചന്റെ പാറക്കെട്ട്‌ വരെ ദേശവാസികള്‍ ചിതറിക്കിടന്നു.

കവലയും നാണുനായരുടെ ചായക്കടയും ദേശത്തിന്റെ കേന്ദ്രമായി സങ്കല്‍പ്പിച്ചാല്‍ പിന്നെ എളുപ്പമായി. ചാക്കോ മൂപ്പന്റെ ഭാഷയിലെ 'കണ്ണായ മണ്ണ്‍' പീലിക്കുന്നിനും മണിമലയാറിനുമിടക്ക്‌ പരന്ന് കിടന്നു.

പീലിക്കുന്നിറങ്ങി രാജമുടിയും താണ്ടി പാണ്ടിദേശത്തേക്കു പോയി തിരിച്ചുവന്നവര്‍ ചങ്കൊറപ്പുള്ളവരെന്നായിരുന്നു നാട്ടുവിശ്വാസമെന്നു ഉമ്മുമ്മ പറഞ്ഞത്‌ സിറാജോര്‍ത്തു. അതിലൊരാളായിരുന്നു 'മൈന' എന്ന നാട്ടുകാരുടെ നല്ല കള്ളന്‍.

മൈന പറഞ്ഞാല്‍ ചെയ്തിരിക്കും, മൈന വെറുംവാക്ക്‌ പറയാറുമുണ്ടായിരുന്നില്ല. നേരവും കാലവും പറഞ്ഞുറപ്പിച്ച്‌, കാത്തിരുന്ന കാവല്‍ക്കാരെ കബളിപ്പിച്ച്‌ വാഴക്കുലയും, തേങ്ങയും മൈന വന്നു കൊത്തിക്കൊണ്ടുപോയി...
മൈനയുടെ വീരഗാഥകള്‍ സിറാജിന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞ്‌ നിന്ന് കത്തി.

മൈന ചങ്കൊറപ്പൊള്ളവനായിരുന്നു.. ഒറ്റക്കൊരുവന്‍ മൈനാകത്താന്‍.

ഒറ്റക്കൊരുവന്‍ മൈനാകത്താന്‍...
പാണ്ടിദേശം കൊള്ളെ യാത്തിറ പോയി..
മുണ്ടക്കയമേ മുന്തിയ നാടേ...
മുന്തിയ നാട്ടില്‍ ഠേഷനുമില്ല...

അന്ന് മുണ്ടക്കയത്തു പോലീസ്‌ സ്റ്റേഷന്‍ വന്നിരുന്നില്ല. മൈനയിറങ്ങി നടക്കുന്ന വാര്‍ത്ത കേട്ട്‌ ജനം പുറത്തിറങ്ങിയില്ല. പെണ്ണുങ്ങള്‍ ആഭരണങ്ങള്‍ മീങ്കൂടയിലും, കറിച്ചട്ടിയിലും പൂഴ്ത്തിവെച്ചു. കുട്ടികള്‍ ഉറക്കെക്കരയാന്‍ പോലും പേടിച്ചു അമ്മമാരുടെ ചേലത്തുമ്പില്‍ ഞാന്നു കിടന്നു.

ആരെയും വക വെക്കാതെ മൈന യാത്ര തുടര്‍ന്നു

അമളി കഴിഞ്ഞു...
കുമളി കഴിഞ്ഞു...
പെരുവന്താനം പാത കഴിഞ്ഞു...
പാറക്കെട്ടുകള്‍ ചാടിത്താണ്ടി
പാതിര നേരം ആകാറായി..

പീലിക്കുന്നിലോ രാജമുടിയിലോ മൈനയെത്തടയാന്‍ പിറന്ന മനുഷ്യരോ ജീവിജന്തുക്കളോ ഉണ്ടായിരുന്നില്ല. കഠാരി കൊണ്ട്‌ കാടും പടര്‍പ്പും അരിഞ്ഞു മൈന മലകയറി, ചുരമിറങ്ങി, കാടും കടന്നു.. പാണ്ടിദേശം ചെന്നു.
കമ്പവും ഗൂഡല്ലൂരും കടന്നു..പാളയത്തെത്തി...
അവിടെ മൈനയെ എതിരേറ്റതു ഊരിലെ കമ്പടിവീരന്മാരായ പാണ്ടികളാണ്‌.
നീണ്ട മുളങ്കമ്പുകള്‍ വായുവില്‍ ചുഴറ്റി അവര്‍ മൈനയോടു ഗര്‍ജ്ജിച്ചു.

ഒറ്റക്കൊരുവന്‍ മലയാളത്താന്‍...
ഇവിടെ വരുവാന്‍ സങ്കതിയെന്തു?...

മൈന കുലുങ്ങിയില്ല.

ശോദ്യവിചാരം കേട്ടൊരു മൈന..
കത്തിയൂരി താടി ചൊറിഞ്ഞു..
ദേശം കാണാനെന്നു മൊഴിഞ്ഞു...

അഹങ്കാരിയായ മലയാളത്താനെ അടിച്ചൊതുക്കാന്‍ പാഞ്ഞടുത്ത കമ്പടിവീരരെ മൈന നാടന്‍ കളരിയില്‍ പറന്നടിച്ചു. നിലത്തു നിര്‍ത്താതെ അറഞ്ചാം പൊറഞ്ചാം അടിച്ചു. നില്‍ക്കക്കള്ളിയില്ലാതെ വന്ന പടയാളികള്‍ പതം പറഞ്ഞ്‌ കരഞ്ഞ്കൊണ്ട്‌ പോയി ഊരുമൂപ്പന്റെ കാല്‍ക്കല്‍ വീണു. എന്നാല്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്‌.കാടും മേടും താണ്ടി വന്ന വീരനെ മൂപ്പന്‍ മാലയിട്ട്‌ സ്വീകരിച്ചു. മാരിയമ്മന്‍ കോവിലിലെ തിരുവിഴാവും കാണിച്ച്‌, ഒരു കൊച്ചു കാളക്കുട്ടനേയും സമ്മാനിച്ച്‌ ഉപചാരപൂര്‍വ്വം മൈനയെ തിരികെ യാത്ര അയച്ചു.

കാളയുടെ ചുവന്ന മൂക്കുകയറും പിടിച്ചു പീലിക്കുന്നിറങ്ങി വന്ന മൈനയെ ക്കണ്ട്‌ കൂടിനിന്ന ജനം കണ്ണ്‍ മിഴിച്ചു. മോശ ചെങ്കടലിനെ പിളര്‍ന്ന പോലെ, കൂടി നിന്ന ജനത്തെ പിളര്‍ന്ന് കാളക്കുട്ടനുമായി മൈന നടന്നകന്നു. കയ്യിലിരുന്ന കഠാരി വെയിലില്‍ വെട്ടിത്തിളങ്ങി.
മൈനയുടെ തിളക്കമവസാനിച്ചത്‌ സിറാജിന്റെ ഉപ്പുപ്പാന്റെ വരവോടെയാണെന്നാണ്‌ ഉമ്മുമ്മ പറഞ്ഞത്‌.


* * * *


തങ്കിയുടെ പലചരക്കു കടയുടെ മുമ്പിലിരുന്ന ഉപ്പ്‌ ചാക്കില്‍ കാലിന്മേല്‍ കാലും കയറ്റി സലാവുദ്ദീന്‍ റാവുത്തര്‍ എന്ന സിറാജിന്റെ ഉപ്പുപ്പ ഇരുന്നു ബീഡി പുകച്ചു.

വിശപ്പു സഹിക്കാനാവതെ ഒളിച്ചോടിപ്പോയി പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധകാലത്തെ സേവനം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ കഥകള്‍ പഴയ ചങ്ങാതിയായ തങ്കിയോടു വിസ്തരിക്കുകയായിരുന്നു സലാവുദ്ദീന്‍ റാവുത്തര്‍. കേള്‍വിക്കാരായി ഒരു പാട്‌ പേര്‍ അവിടെ തടിച്ച്‌ നിന്നിരുന്നു.

ആര്‍ക്കോ വേണ്ടി ആരോടോ യുദ്ധം ചെയ്ത കഥകള്‍..

ബാരക്കുകളിലെ നരച്ച ജീവിതവും.. തോക്കിന്‍മുമ്പിലെ മരണം കണ്ടുള്ള ദിനങ്ങളും റാവുത്തറെ ആകെ മാറ്റിമറിച്ചിരുന്നു.

നാട്ടിലും ഒരു പാട്‌ മാറ്റങ്ങളായി എന്ന് തങ്കി റാവുത്തറെ ഓര്‍മ്മിപ്പിച്ചു കോണ്ടിരിക്കുമ്പോഴാണ്‌ ശരം പോലെ പാഞ്ഞ്‌ വന്ന കുതിരവണ്ടി കടയ്ക്കു മുമ്പില്‍ തറച്ച്‌ നിന്നത്‌.

ബൂട്ട്സിട്ട്‌ ചാടിയിറങ്ങിയ ഏഡ്ഡ്‌ ശമുവേല്‍ കൂടി നിന്ന ജനക്കൂട്ടത്തെ നോക്കി അലറി.
"ഓട്‌റാ..കഴുവേറി മക്കളേയ്‌... ആറ്‌ടെ അടിയന്ത്രമാടാ ഇവടെ"

ജനം ചിതറിയോടി.

സലാവുദ്ദീന്‍ റാവുത്തര്‍ ഉപ്പ്‌ ചാക്കിന്റെ മുകളില്‍ നിന്നു അനങ്ങിയില്ലെന്ന് മാത്രമല്ല ബീഡിപ്പുകയൂതി തന്റെ ഇരിപ്പു അതേപടി തുടരുകയും ചെയ്തു.

ഏഡ്ഡ്‌ ശമുവേലിനു ഹാളിലകി.

ഉപ്പുചാക്കിനു മുകളില്‍ അനങ്ങാപ്പാറ പോലെ ഒരു വരത്തന്‍.

ശമുവേല്‍ നിന്നു തിളച്ചു.

'തട്ടി' താഴെയിട്ട്‌ കടയടക്കാന്‍ തുനിഞ്ഞ തങ്കിയെ കുത്തിനു നിര്‍ത്തി ശമുവേല്‍ ഗര്‍ജ്ജിച്ചു.

"ആറ്‌ടാ .. ഈ വരത്തന്‍ കഴുവേറി".

തങ്കി ഒന്നും മിണ്ടിയില്ല.

ശമുവേല്‍ മുന്നോട്ടു കുതിച്ചു. ഉപ്പു ചാക്കടക്കം റാവുത്തര്‍ പിന്നാക്കം മലര്‍ന്നു വീഴുന്നത്‌ തങ്കി പകച്ച്‌ നിന്നു കണ്ടു.

പൊടി തട്ടിയെഴുന്നേറ്റ റാവുത്തര്‍ മുണ്ടു വലിച്ചു കുത്തുമ്പോള്‍ ഓടിയ ജനം തിരിഞ്ഞു നിന്നു.

പടക്കം പോലെ അടി പൊട്ടി.

ഏഡ്ഡ്‌ ശമുവേല്‍ മുഖമടച്ച്‌ വീണു.

വാരിക്കൂട്ടിയ ശമുവേലിനെ കടയുടെ ഭിത്തി ചേര്‍ത്തു റാവുത്തര്‍ ചതക്കുമ്പോള്‍ കുതിരവണ്ടിയില്‍ നിന്നു ഒന്നു രണ്ടു പോലിസുകാര്‍ കൂടി ചാടിയിറങ്ങുന്നുണ്ടായിരുന്നു.

പൂണ്ടടക്കം പിടിച്ച പോലീസുകാരുടെ കയ്യില്‍ക്കിടന്നു റാവുത്തര്‍ കുതറുമ്പോള്‍ വീണ്‌ കിടന്ന ശമുവേല്‍ പിടഞ്ഞെഴുന്നേറ്റു.

അഭിമാനക്ഷതമേറ്റ ഏഡ്ഡ്‌ നിന്നു കത്തുകയായിരുന്നു.
ഇടുപ്പിലെ ബെല്‍റ്റിനിടയില്‍ നിന്നു നിന്നു വലിച്ചൂരിയ നേപ്പാളികത്തി കണ്ട്‌ ജനം തരിച്ചു നിന്നു.

എന്തൊക്കെയാണ്‌ സംഭവിക്കുന്നത്‌?

ആഞ്ഞു കുത്തിയെങ്കിലും റാവുത്തര്‍ പിടഞ്ഞുമാറിയതിനാല്‍ കത്തി തുടയില്‍ക്കൊണ്ട്‌ തെന്നിപ്പോയി.
ചീന്തിയ തുടയില്‍ നിന്നു രക്തം ലുങ്കിയിലേക്കു പടരുമ്പോള്‍ റാവുത്തര്‍ സര്‍വ്വശക്തിയുമെടുത്തു കുടഞ്ഞു. പിടിച്ചു നിന്ന പോലീസുകാര്‍ തെറിച്ചു പോയി.

കടക്കുള്ളിലേക്കു പാഞ്ഞ്‌ കയറിയ റാവുത്തര്‍ക്കു പിന്നാലെ ആക്രോശിച്ചു കൊണ്ടു ചെന്ന ശമുവേല്‍ ചോരയൊലിപ്പിച്ചു അലറിക്കരഞ്ഞുകൊണ്ടു തിരികെ വരുന്നതാണ്‌ ജനം കണ്ടത്‌.

അരിച്ചാക്കു മറിച്ചു കൊണ്ട്‌ റാവുത്തര്‍ കടയില്‍ നിന്നു പുറത്തുകടക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ഒരു റാത്തലിന്റെ ഇരുമ്പു കട്ടിയും അതില്‍ നിറയെ ചോരയും പുരണ്ടിരുന്നു.

15 Comments:

At 3:28 AM, Blogger ദേവന്‍ said...

മൈന താണ്ടിയ വഴിത്താരകളില്‍ ഞാനും ഒത്തിരി നടന്നിട്ടുണ്ട് സിറാജേ. ഓര്‍ക്കുമ്പോള്‍ നോവാള്‍ജിയ.
ആ വഴിയില്‍ നിന്നൊരു ദൃശ്യം സൂഫിക്കുവേണ്ടി

 
At 3:40 AM, Blogger സൂഫി said...

ദേവേട്ടാ
ഞാന്‍ കൃതാര്‍ത്ഥനായി...
അവിസ്മരണീയമായ ഈ സമ്മാനം ഞാന്‍ നിറഞ്ഞ സ്നേഹത്തോടെ ഏറ്റുവാങ്ങുന്നു.

 
At 8:09 AM, Blogger സു | Su said...

:)

 
At 10:30 PM, Blogger Unknown said...

സൂഫി എനിക്കും പരിചിതം
ഈ ഭൂമിക.
നാട്ടിലെത്തിയതു പോലെ തോന്നുന്നു. നൊവാള്‍ജിയന്‍ കൂടി കൂടി ഒരു ദിവസം ഞാനങ്ങു വരും ങ്ഹാ!

 
At 11:03 PM, Blogger അരവിന്ദ് :: aravind said...

മണിമലയാറിനെക്കുറിച്ചെഴുതി എനിക്കു അല്പനേരം എന്റെ ചെറുപ്പകാലമോര്‍മിക്കാന്‍ അവസരമൊരുക്കിയതിനു നന്ദി, പ്രിയ സൂഫീ..
കഥ മനോഹരമായിരിക്കുന്നു.
ആക്ഷനല്‍പ്പം പ്രാധാന്യം ഏറിയില്ലേ എന്നൊരു സംശം.

 
At 8:23 PM, Blogger Unknown said...

അയല്‍ക്കാരാ,
ഏതു മടയില്‍ മറഞ്ഞിരിക്കുന്നു?
വേഗം പുറത്തു വരു..
പുതിയ നേരുകള്‍ പകര്‍ന്നു തരൂ..

 
At 5:13 AM, Blogger സൂഫി said...

പ്രിയപ്പെട്ട യാത്രാമൊഴി, ബൂലോകരെ,
ഞാന്‍ ജോലിയുടെ ഒരു വാല്‍മീകത്തില്‍പ്പെട്ടു പോയിരിക്കുകയായിരുന്നു. ഇടക്കു ഒരു ജോലിസംബന്ധമായി ഒരു ജര്‍മ്മനി സന്ദര്‍ശനവും നടത്തേണ്ടി വന്നു. തിരിച്ചു വീണ്ടും നമ്മുടെ ബൂലോകത്തറവാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്‌...
ഇനി ഇടക്ക്‌ കാണാം...

 
At 5:20 AM, Blogger ശനിയന്‍ \OvO/ Shaniyan said...

വന്നാലും സൂഫീ.. തീര്‍ഥാടനം കഴിഞോ? കുറച്ച് നീണ്ടു പോയല്ലോ മാഷേ?

 
At 5:36 AM, Blogger ചില നേരത്ത്.. said...

സൂഫി..തിരിച്ച് വന്നതില്‍ വളരെ സന്തോഷം.
സൂഫിയുടെ നേരുകള്‍ തുടരൂ

 
At 9:01 PM, Blogger Adithyan said...

സൂഫിയേ കാണാനില്ല്ലല്ലാ‍ാ

 
At 10:27 AM, Blogger -B- said...

സൂഫി മാഷെ, എവിടെ? ഞങ്ങളെയൊക്കെ അങ്ങ് മറന്നോ?

 
At 3:38 AM, Blogger അലിഅക്‌ബര്‍ said...

ഇഷ്ട്മായെടാ സൂഫീ.
മദ്രസയില്‍ പോയിരുന്ന കാലം എന്റെ ലഹരിയാണു.കളങ്കമില്ലാത്ത കാലമാണത്.
തലയില്‍ തട്ടമിട്ടു വന്ന പെണ്‍കുട്ടികളോട് എനിക്കു ബഹുമാനമായിരുന്നു. അവളിലൊരാളെ മാത്രം ഞാന്‍ സ്നേഹിച്ചു. അവളാണിന്നെന്റെ കൂട്ടുകാരി.
നല്ല ഓര്‍മകള്‍ക്കു കരുത്തു പകര്‍ന്ന സൂഫിക്കു നന്ദി

 
At 8:26 PM, Blogger Dreamer said...

ഈ ബ്ലോഗിന്റെ ഉടമസ്ഥനെ കാണാനില്ല... കണ്ടു കിട്ടുന്നവര്‍ പൂരക്കമ്മിറ്റി ആപ്പീസില്‍ അറിയിക്കേണ്ടതാണ്..

പൂയ്? എവിടെ മാശേ?

“ഇന്ത ബൂലോകത്തില്‍ നിലയായ് വാഴ്ന്തവന്‍....“

 
At 10:56 PM, Blogger കരീം മാഷ്‌ said...

നല്ല തുടക്കമായിരുന്നു.
ബ്ലോഗു നിര്‍ത്തിപ്പോയിട്ടു ഒരു വര്‍ഷമായല്ലോ സൂഫീ,
ഇപ്പോള്‍, എവിടേയാ.
ബ്ലൊഗെഴുത്തു നിര്‍ത്തിയതോ

 
At 8:00 PM, Blogger ദിവാസ്വപ്നം said...

സൂഫീ, ഒന്നേകാല്‍ക്കൊല്ലം മുന്‍പ് വായിച്ചതാണെങ്കിലും ഏഡ് സാമുവേലും റാവുത്തരും തമ്മിലുള്ള സംഘട്ടനം ഇന്നലെക്കൂടി ഓര്‍മ്മയില്‍ വന്നിരുന്നു. ശരിക്കും.

ഈ കഥ മുഴുവനാക്കുമോ, പ്ലീസ്

 

Post a Comment

<< Home