
1
"ഉമ്മുമ്മാ... ഒരു കത പറയ് "
സിറാജ് നിന്നു ചിണുങ്ങി.
നരച്ച മുടിയിഴകള്‍ കോതിയൊതുക്കി, മെല്ലിച്ചു നീണ്ട കൈകള്‍ കൊണ്ടു കാല്‍മുട്ടുകളുഴിഞ്ഞു, കുസൃതിച്ചിരിയോടെ ഉമ്മുമ്മാ പാടിത്തുടങ്ങി..
"കതകതയച്ചി കാരണത്തച്ചി..
കഞ്ഞീലുരിയരി വെച്ചാളച്ചി
അതൂറ്റി കുടിച്ചാളച്ചി
എന്നിട്ട് കെടന്നു ഉറങ്കിയാളച്ചി.."
സിറാജിനു ദേഷ്യം വന്നു.
ഈ പാട്ടില്‍ കഥയില്ലെന്നു അവനറിയാം. പിണക്കത്തോടെ ശുഷ്കിച്ച കൈപ്പലകകളില്‍ തൊലി വലിച്ചു അവന്‍ ഉമ്മുമ്മയ്ക്കു നല്ലൊരു നുള്ളു കൊടുത്തു.
"എന്റെ ആണ്ടവരേയ്.." ഉമ്മുമ്മ വേദന കൊണ്ടു കൈ വലിച്ചു.
"ഷെരീഫാ.. നെന്റെ അറാമ്പെറന്ന പയലിനെ വിളിച്ചോണ്ടു പോ.. ന്നെ ഉവദ്രവിക്കുന്ന്..." ഉമ്മുമ്മ ഉറക്കെ വിളിച്ചു പറഞ്ഞതു കേട്ടതും അടുക്കളയിലെ ഇടനാഴിയില്‍ നിന്നും ഉമ്മയുടെ ശബ്ദം ഉയര്‍ന്നു. സിറാജ് പഴങ്കമ്പിളിക്കുള്ളിലേയ്ക്കു നൂഴ്ന്നു കയറി.
ഇനി വഴക്കിന്റെ പൂരമാണ്. വഴക്കു കേട്ടെഴുന്നേല്‍ക്കാതിരുന്നാല്‍ ചിലപ്പോള്‍ ചെറിയ ഒന്നു രണ്ടു അടി കിട്ടിയെന്നും വരും.അടി കിട്ടുന്നതോ വഴക്കു കേള്‍ക്കുന്നതോ അല്ല സിറാജിനു പ്രശ്നം, ഉമ്മ കമ്പിളിക്കുള്ളില്‍ നിന്നും അവനെ വലിച്ചു പുറത്തെടുത്ത്, തിണ്ണയിലെ ഇരുമ്പു കസേരയില്‍ കൊണ്ടു പോയി പുസ്തകവും കയ്യില്‍ തന്ന് ഇരുത്തും. കമ്പിളിക്കുള്ളില്‍ നിന്നു പുറത്തു കടക്കുമ്പോഴേ തണുത്തു വിറക്കാന്‍ തുടങ്ങുന്ന അവന്‍, ഇരുമ്പു കസേരയിലിരുന്നു കയ്യിലുള്ള പുസ്തകത്തിലേക്കു മിഴിച്ചു നോക്കും. അരിച്ചു കയറുന്ന തണുപ്പു നിക്കറിന്റെ അതിര്‍വരമ്പുകള്‍ കടന്നു ശരീരത്തിലെക്കു തുളക്കുമ്പോള്‍ കുളിരു കൊണ്ട് അവന്റെ പല്ല് സാധാരണ കൂട്ടിയിടിക്കുന്നതു അവന്‍ തന്നെ കേള്‍ക്കാറുണ്ട്. അതോര്‍ത്തപ്പോള്‍ തന്നെ സിറാജിനു കുളിര്‍ന്നു. അവന്‍ പുതപ്പിനടിയിലേക്കു ഒന്നു കൂടി ഊളിയിട്ടു.
കുറച്ചു നേരമായിട്ടും ഉമ്മയുടെ അനക്കമൊന്നും കാണാഞ്ഞത് കൊണ്ടു അവന്‍ ഒരാമയെപ്പോലെ വീണ്ടും തല പുറത്തേക്കിട്ട് ഉമ്മുമ്മയെ തോണ്ടി.
"ഉമ്മുമ്മാ... ഒരു കത"
അവന്റെ സ്വരത്തിലെ സങ്കടം തിരിച്ചറിഞ്ഞിട്ടെന്നോണം ഉമ്മുമ്മ കഥ പറഞ്ഞു തുടങ്ങി.
"ഈറാളും മുള ഈരാറ്റുപേട്ടയില്‍
വാഴും മമ്മതു മീതീന്റെ മുമ്പൂത്രനായോരു
മമ്മതുക്കായുടെ വീടു പുകിന്തേ
അത്തമിച്ചത്തര രാത്തിരി സമയം
പേടി സുപാതം കുരച്ചിട്ടെന്തെന്നുമേതെന്നുംചോദിച്ച നേരത്ത്..."
സിറാജിനെ ഉള്‍ക്കണ്ഠയുടെ മുള്‍ മുനയില്‍ നിര്‍ത്തി, പാട്ടിന്റെ ഈണത്തില്‍ മുഴുകി ഉമ്മുമ്മ ഉറക്കത്തിലേക്കു വഴുതി വീണു.സിറാജിനു സങ്കടം വന്നു. മെലിഞ്ഞുണങ്ങിയ തോളുകളില്‍ അമര്‍ത്തിക്കുലുക്കിയപ്പോള്‍ ഉമ്മുമ്മ കണ്ണു മിഴിച്ചു.കുഴിഞ്ഞൊട്ടിയ കണ്‍തടങ്ങളില്‍ നരച്ച കണ്ണുകള്‍ തിളങ്ങി.
"എന്നിട്ടു കതയെന്തായി ഉമ്മുമ്മാ" അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടു ഉമ്മുമ്മ വെളുക്കനെ ചിരിച്ചു.
താന്‍ കഥ പറയുകയായിരുന്നുവെന്നു അപ്പോഴാണു അവരോര്‍ത്തത്. ഏതു കഥയാണ് പറഞ്ഞിരുന്നതെന്നവര്‍ മറന്നു പോയിരുന്നു.ഈയിടെയായി അങ്ങനെയാണ്... ഓര്‍മ്മകളുടെ കണ്ണികള്‍ ഇടക്കിടക്കു വിട്ടു പോകുന്നു...
"മമ്മതുക്കാന്റെ കത എന്തായുമ്മുമ്മാ" സിറാജു വിടാനുള്ള ഭാവമില്ല.
ഈരാറ്റുപേട്ടയിലെ പെരിയ പണക്കാരനായ മമ്മതുക്കാന്റെ വീട്ടില്‍ നട്ടപ്പാതിരക്കു പൊന്നു കക്കാന്‍ വന്ന മറവന്മാരെക്കുറിച്ചാണ് കഥ.
'പേടി സുപാത'മെന്നാല്‍ നായയാണെന്നു ഉമ്മുമ്മ അവനു മുമ്പെ പറഞ്ഞു കൊടുത്തിരുന്നു.
മറവന്മാര്‍ ചൂട്ടു കറ്റകളുമായി കിഴക്കന്‍ മലയിറങ്ങിവരുന്ന വിവരത്തെക്കുറിച്ച് മമ്മതുക്കായ്ക്കു മുമ്പു തന്നെ വിവരം കിട്ടിയിരുന്നു എന്നു ഉമ്മുമ്മ പറഞ്ഞു.
വീട്ടിലെ സാധനങ്ങളൊക്കെ തട്ടിന്‍ പുറത്തൊളിപ്പിച്ചു വെച്ച്, സ്ത്രീകളെയും കുട്ടികളെയും കിണറ്റില്‍ ഇറക്കിയിരുത്തിയാണു മമ്മതുക്കാ മറുതന്ത്രം മെനഞ്ഞത്.
എന്നാല്‍ കിണറ്റില്‍ നിന്ന് സ്ത്രീകളുടെ ചിലപ്പും കുട്ടികളുടെ കരച്ചിലും അടക്കി നിര്‍ത്താന്‍ മമ്മതുക്കായ്ക്കായില്ല.
"ഓടി ബാടാ രാമാ.. പൊന്നു മട്ടുമല്ലെടാ,.. പൊമ്പളെയെയും ഇറുക്കെടാ രാമാ...കടത്തി കൊണ്ടു പൊകലാമെടാ രാമാ..."
മറവന്മാര്‍ കിണറ്റിലേക്കു നോക്കി ആര്‍ത്തു വിളിക്കുകയാണ്..
സിറാജിന്റെ കണ്ണുകള്‍ ആകാംക്ഷ കൊണ്ടു വിടര്‍ന്നു. എന്തും സംഭവിക്കാം.
മമ്മതുക്കായുടെ കളി വെള്ളത്തിലാകുമോ..
കറുത്തു പിടച്ചവരും കുളിക്കാത്തവരുമായ മറവന്മാര്‍ മമ്മതുക്കായുടെ പെണ്ണുങ്ങളേയും കുട്ടികളേയും പിടിച്ചു കൊണ്ടു പോകുമോ?
എല്ലാ മറവന്മാരും കിണറ്റുകരയില്‍ നിന്നും കിണറ്റിലേക്കു എത്തി നോക്കി.
ഒന്നും കാണാന്‍ കഴിയുന്നില്ല.... കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട്...
ആകാംക്ഷ കൊണ്ടു സിറാജിനു ശ്വാസം മുട്ടുന്നതു പോലെ...
കിണറ്റിലേക്കു നോക്കി നിന്ന മറവന്മാര്‍ പിന്നാക്കം മലന്നു വീണു! എന്നിട്ടു നിലത്തു വീണു കിടന്നുരുണ്ടു.
എന്താണു സംഭവിച്ചത്..?സിറാജ് വാ പിളര്‍ന്നു...
ഉമ്മുമ്മ രഹസ്യം പൊട്ടിക്കുന്ന ആ ചിരി ചിരിച്ചു.
കിണറ്റിന്റെ ഉള്ളില്‍ വക്കിനോടു ചേര്‍ന്നു ഒരു തട്ടു കെട്ടിയിരുന്നു. അവിടെയായിരുന്നു മമ്മതുക്കായുടെ പണിക്കാരികള്‍ ഒളിച്ചു നിന്നത് അവരുടെ കയ്യില്‍ ഇരുമ്പു ബക്കറ്റു നിറയെ തിളക്കുന്ന ടാറുമുണ്ടായിരുന്നു.
അതിമോഹം മൂത്തു മലയിറങ്ങിയ മറവന്മാര്‍ തിളക്കുന്ന ടാറില്‍ വെന്തു കിടന്നു..
ചെറിയ പൊള്ളലേറ്റവരെ മമ്മതുക്കായുടെ പണിക്കാര്‍ മരത്തില്‍ പിടിച്ചു കെട്ടി.
മുണ്ടക്കയം വെല്ല്യ ഠേഷനില്‍ നിന്നും ഇന്‍സ്പേട്ടര്‍ നേരിട്ടു വന്നു മമ്മതുക്കായെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞത്രെ.
"ഇങ്ങടെ ബുത്തി പെരുത്ത ബുത്തി തന്നെ."
മമ്മതുക്കാ വിനയാന്വിതനായി ചിരിച്ചു.."
സിറാജിനു സന്തോഷമായി...അവന്‍ ഉമ്മുമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു..
മൃദുലമായ ആ കൈകള്‍ ഒരിളം കാറ്റു പോലെ അവന്റെ തലമുടികളെ തടവിക്കൊണ്ടിരുന്നു...
ശര ശര ശബ്ദത്തില്‍ ഒരു മഴ ഓടിയെത്തി ഓടിന്റെ മുകളില്‍ പെരുമ്പറ കൊട്ടി. ഓട്ടിറമ്പില്‍ വെള്ളം വീഴുന്ന ശബ്ദത്തിനു കാതോര്‍ത്ത് സിറാജ് ഉമ്മുമ്മയുടെ മടിയില്‍ പറ്റിക്കിടന്നു.
Comments
തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്..
Published By Sunil (http://spaces.msn.com/members/malayalapusthak...) - November 21 7:43 PM
--------------------------------------------------------------------
ഏവൂരാനും വിശാലമനസ്കനും നന്ദി ...എന്റെ ഉപ്പു കലര്‍ന്ന ഒരു നോവലിനുള്ള എളിയ ശ്രമമാണിതു..കഴിയുന്നത്ര തുടര്‍ച്ചയായി എഴുതണമെന്നാണു ആഗ്രഹം..
:സൂഫി
Published By സൂഫി (http://spaces.msn.com/members/anazkk/) - November 21 9:11 AM
--------------------------------------------------------------------
നന്നായിട്ടുണ്ട്. ഇനിമേൽ ഇടയ്ക്കിടയ്ക്ക് വന്ന് നോക്കിക്കൊള്ളാം...!!
--ഏവൂരാൻ
Published By ഏവൂരാൻ (http://ente-malayalam.blogspot.com/) - November 21 5:38 AM
--------------------------------------------------------------------
മനോഹരമായി എഴുതിയിരിക്കുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്..
Published By v.m (http://kodakarapuranams.blogspot.com/) - November 19 1:47 PM
--------------------------------------------------------------------
2 Comments:
സൂഫീ കത പെരുത്തിഷ്ടായി!
നല്ല തുടക്കമായിരുന്നു.
ബ്ലോഗു നിര്‍ത്തിപ്പോയിട്ടു ഒരു വര്‍ഷമായല്ലോ സൂഫീ,
ഇപ്പോള്‍, എവിടേയാ.
മനസ്സുമടുത്തു ബ്ലൊഗെഴുത്തു നിര്‍ത്തിയതോ
Post a Comment
<< Home