Monday, January 23, 2006


3


ട്രെയിന്‍ വല്ലാത്തൊരു ലോകമാണ്‌. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകം!
അതിലിരുന്നു ചിരിക്കുന്നവര്‍, ചിരിക്കാത്തവര്‍, കാരണവും അകാരണവുമായി ദുഖിക്കുന്നവര്‍, വിദൂരതയിലേയ്ക്കു കണ്ണും നട്ടിരുന്നു അന്തമില്ലാതെ ചിന്തിക്കുന്നവര്‍ ഇവരൊക്കെയുണ്ടെങ്കിലും മുഖത്തിന്റെ പ്രത്യക്ഷ വികാരം വെറും നിര്‍വികാരതയാണ്‌. ഉള്ളിലുള്ളതു പുറത്തെടുക്കാന്‍ ആരും തയ്യാറല്ല. മുഖം മൂടികള്‍ തുരന്നു പുറത്തു വരുന്നവയാണ്‌ പല ഭാവങ്ങളും.
ഇതാ ഇവിടെ എതിരേയിരിക്കുന്ന ഒരു തമിഴന്‍ കച്ചവടക്കാരന്‍.
ആളൊരു കര്‍ക്കശക്കരനായിരിക്കണം. വിട്ടു വീഴ്ചയില്ലാത്ത പ്രകൃതം. വടു കെട്ടിയ മുഖത്ത്‌, കാലം വീഴ്ത്തിയ അനിശ്ചിതത്വത്തിന്റെ കരിനിഴല്‍. മാടിക്കെട്ടിയ പോളിയെസ്റ്റര്‍ മുണ്ടിനു താഴെ നീളത്തില്‍ നീണ്ടു കിടക്കുന്ന കറുത്ത ട്രൌസര്‍. ചെളി പുരണ്ട മുണ്ടിനെ വകഞ്ഞു മാറ്റി ഇടക്കിടെ ട്രൌസറിന്റെ പോക്കറ്റിലേക്കു നീളുന്ന കൈകള്‍ പോക്കറ്റിലിരിക്കുന്ന നോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുകയാണെന്നയാള്‍ക്കു തോന്നി.

അസാധാരണമായ അയാളുടെ ഈ ചുഴിഞ്ഞു നോട്ടത്തില്‍ തമിഴന്‍ അസ്വസ്ഥനായതില്‍ അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.

ആളുകളെ ഒബ്‌സെര്‍വ്‌ ചെയ്യുക അയാള്‍ക്കൊരു ഹോബിയായിരുന്നു..എന്നാല്‍ ഒബ്‌സെര്‍വേഷനിലൂടെ അയാള്‍ കണ്ടെത്തിയ പല നിഗമനങ്ങളും പൊള്ളയായ വസ്തുതകള്‍ ആയിരുന്നുവെന്നതു അയാളെ ഒരിക്കലും പൊള്ളിച്ചില്ല.

വെറുതെ നോക്കിയിരുന്നു ബോറടിച്ചപ്പോള്‍ അയാള്‍ പുസ്തകം തുറന്നു വായന തുടങ്ങി.
സ്റ്റീഫന്‍ കവിയുടെ "സെവന്‍ ഹാബിറ്റ്സ്‌ ഓഫ്‌ ഹൈലി എഫെക്റ്റിവ്‌ പീപ്പിള്‍". ഈയിടെയായി അയാള്‍ക്കു മോട്ടിവേഷണല്‍ ബുക്കുകളിലാണു താല്‍പ്പര്യം. സ്വയം പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടു എന്തൊക്കെയൊ ചെയ്തു കൂട്ടണമെന്നാണു അയാളുടെ ആഗ്രഹവും.
പലരും കേട്ടാല്‍ പുച്ഛിക്കുമെങ്കിലും ഒരു 'മഹാന്‍' ആകുക എന്നതു അയാളുടെ ജീവിത ലക്ഷ്യമായിരുന്നു. എങ്ങനെയാണ്‌ ഒരു മഹാന്‍ ആയിത്തീരുക എന്നതിനെക്കുറിച്ചു അയാള്‍ ചിന്തിച്ചു കൂട്ടിയതിനു കയ്യും കണക്കുമില്ലെന്നു തന്നെ പറയാം. അതിനായി അയാള്‍ തന്റെ വായനയുടെ നല്ലൊരു പങ്ക്‌ ചരിത്രാവബോധമുണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. മഹാന്മാരുടെ ആത്മകഥകളിലൂടെയും ജീവചരിത്രങ്ങളിലൂടെയും ഏറെ സഞ്ചരിച്ചെങ്കിലും, താന്‍ മഹത്വവല്‍ക്കരിക്കപ്പെടേണ്ട സമൂഹവും തന്റെ കര്‍മരംഗവും അയാള്‍ക്കിനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം.

വായിച്ചു കിടന്ന് എപ്പോഴാണുറങ്ങിപ്പോയതെന്നു അയാള്‍ക്കോര്‍മ്മയുണ്ടായിരുന്നില്ല.

ഉണരുമ്പോള്‍ ചുറ്റും ശബ്ദങ്ങളായിരുന്നു.

ആരോ മുഖത്തേക്കു ടോര്‍ച്ചടിച്ചു.അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
ഒന്നും കാണാന്‍ കഴിയുന്നില്ല. ആരൊക്കെയൊ ഉറക്കെ സംസാരിക്കുന്നുണ്ട്‌.

കണ്ണുകള്‍ തിരുമ്മി അയാളെഴുന്നേറ്റു സീറ്റില്‍ കുത്തിയിരുന്നു.
"ഇന്ത പെട്ടി യാരുടേതു? "
കനത്ത ഒരു ചോദ്യം അയാള്‍ക്കു മുമ്പില്‍ വന്നു വീഴുകയായിരുന്നു.
ചോദ്യത്തിന്റെ ഉറവിടം ഒരു കാക്കിധാരിയില്‍ നിന്നാണെന്നതും അയാളുടെ ലാത്തി ചൂണ്ടിയിരിക്കുന്നതു തന്റെ സ്യൂട്ട്‌ കേയ്സിലേക്കായിരുന്നു എന്നുള്ളതു കൊണ്ടും അയാള്‍ ഒന്നു പകച്ചു.

"എന്ന സാര്‍ കേക്കലയെയാ.. ഇന്ത പെട്ടിയാരുടേതു? മൊഹമ്മദ്‌ സിറാജ്‌ നൂരി യാരു? നീങ്കളാ?"
പോലീസുകാരന്റെ ശബ്ദത്തിനു നല്ല കട്ടിയുണ്ടായിരുന്നു.

"യെസ്‌, അതെന്റെ പെട്ടിയാണ്‌" അയാളുടെ വാക്കുകള്‍ ചുണ്ടുകളുടെ വക്കില്‍ നിന്നു വഴുതി.
"പെട്ടിക്കുള്ളെ എന്നതു?" കാക്കിയുടെ ശബ്ദമുയര്‍ന്നു.
അയാള്‍ക്കു വല്ലാത്ത പന്തികേടു തോന്നി. കമ്പാര്‍ട്ട്മെന്റിലെ മട്ടുള്ളവര്‍ ഒരു കുറ്റവാളിയെപ്പോലെ അയാളെ നോക്കി നില്‍ക്കുകയാണ്‌.

"സര്‍, അയാമെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ഗോയിംഗ്‌ റ്റു ജോയിന്‍ എ ഫേം ഇന്‍ ചെന്നൈ. സ്യൂട്ട്കെയ്സ്‌ കണ്ടൈന്‍സ്‌ മൈ സെര്‍റ്റിഫിക്കറ്റ്സ്‌ ആന്‍ഡ്‌ ക്ലോത്ത്സ്‌ ഒണ്‍ലി". കാണാപ്പാഠം പടിച്ചു ഉരുവിടുന്നവനെപ്പോലെ അയാള്‍ അത്രയും ചൊല്ലി തീര്‍ത്തു.

"അപ്പടിയാനാല്‍ പെട്ടി ചെക്ക്‌ പണ്ണ വേണ്ടും"ശബ്ദത്തിലെ തീക്ഷ്ണത കൂടുന്നതു അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ക്കു എന്തെന്നില്ലാത്ത ഒരു വല്ലായ്മ തോന്നി. 'പൊതുജന മധത്തില്‍ വെച്ചു തുണിയുരിയപ്പെട്ടവന്റെ' അവസ്ഥ.

"വൈ യു വാണ്ട്‌ റ്റു ചെക്ക്‌ മൈ സ്യൂട്ട്കേയ്സ്‌ ?". അയാള്‍ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"സര്‍ തപ്പാ നെനക്കാതീങ്ക. ഇന്ത ട്രെയിനിലെ ബൊംബ്‌ ത്രെറ്റ്‌ ഇരുക്കെന്നു ഇന്‍ഫര്‍മേഷന്‍ കെടച്ചിരുക്കു. യാരോ ജിഹാദി ഗ്രൂപ്‌ താന്‍ ബോംബ്‌ വെച്ചിരുക്കാങ്ക. അതു താന്‍ പ്രച്ചനൈ"

അയാള്‍ക്കു എവിടെയൊക്കെയൊ ഒരു ലിങ്ക്‌ കിട്ടി. എതെങ്കിലും മുസ്ലിം തീവ്രവാദി ഗ്രൂപ്പിന്റേതാവണം ബോംബു ഭീഷണി.

അപ്പോള്‍പ്പിന്നെ മൊഹമ്മദ്‌ സിറാജ്‌ നൂരി എന്ന നേം സ്റ്റിക്കര്‍ ഒട്ടിച്ച സ്യൂട്ട്കെയ്സ്‌, ചെക്ക്‌ ചെയ്യുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതു തുറന്നു കാണണം എന്നുള്ളതാണു ആവശ്യം.

അയാള്‍ നിസംഗഭാവത്തോടെ പെട്ടി തുറന്നു. ഭാര്യ നന്നായി അടുക്കിയ വസ്ത്രങ്ങള്‍ നിറച്ച സ്യൂട്ട്കെസിനുള്ളില്‍ പോലിസുകാര്‍ ഉഴവു നടത്തുന്നതു അയാള്‍ നിസ്സഹായനായി നോക്കി നിന്നു.

ഒടുവില്‍ ഇച്ചാഭംഗത്തോടെ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്കു അവര്‍ മറ്റൊരു മൊഹമ്മദിനെയോ അബ്ദുള്ളയേയോ തേടിപ്പോയി. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പെട്ടിയില്‍ അയാളുടെ എഞ്ചിനീറിംഗ്‌ ഡിഗ്രി സെര്‍ട്ടിഫിക്കറ്റ്‌ ചുളുങ്ങി കിടക്കുന്നതു കണ്ട്‌ അയാള്‍ പല്ലുകള്‍ കൂട്ടിക്കടിച്ചു.

"ജിഹാദികള്‍!"...ആരാണ്‌ ജിഹാദികള്‍?

അയാള്‍ അറിയുന്ന *'ജിഹാദിനു' ചോരയുടെ മണമുണ്ടായിരുന്നില്ല.

ഇസ്ലാമിന്റെ പേരില്‍ നിരപരാധികളുടെ ചോര ചിന്തുന്നവര്‍ക്കു തങ്ങളേതു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണെന്നതു പോലും അറിവില്ലായിരിക്കണം.

പഠിച്ച പാഠങ്ങളില്‍ അയാളുടെ ചിന്തകളുണര്‍ന്നു... ഓതലിന്റെ ഈണം മനസ്സിലുയര്‍ന്നപ്പോള്‍ അയാള്‍ ഓത്തുപള്ളിയോര്‍ത്തു, ഒപ്പം ഉസ്താദിനേയും....

* ജിഹാദ്‌: ദൈവമാര്‍ഗ്ഗത്തിലുള്ള പരിശ്രമം.
പുതിയ വ്യാഖ്യാനമനുസരിച്ചുള്ള അര്‍ത്ഥഭേദം: വിശുദ്ധയുദ്ധം/തീവ്രവാദം

4 Comments:

At 8:51 PM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

ശരിയാണ്‌ സൂഫീ..
ട്രെയിൻ വല്ലാത്തൊരു ലോകമാണ്‌..
ഒത്തിരി ജീവിതങ്ങൾ കണ്ടു മുട്ടപ്പെടുന്നതും, കൂട്ടിക്കെട്ടപ്പെടുന്നതും, ഒക്കെ ആ ലോകത്തിലൂടെയുള്ള നീണ്ട യാത്രയിലാണ്‌..!

 
At 12:10 AM, Blogger സൂഫി said...

മേഘങ്ങൾതാങ്കളിവിടെ എത്തിയോ?
എന്റെ കൂരയിലേക്കു സ്വാഗതം

പ്രയാണം ജീവിതത്തിന്റെ ഭാഗമാകുമ്പോൽ,
ഇതു ഒരു അനിവാര്യത തന്നെയായി മാറുന്നു.

ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു...
ഒരു പാട് ജീവിതങ്ങളും പേറി ...
ഒരു പാടു ട്രയിനുകൽതലങ്ങും വിലങ്ങും പാഞ്ഞു പോകുന്നു.

 
At 6:30 AM, Blogger ശനിയന്‍ \OvO/ Shaniyan said...

തീവണ്ടി ഒരു രണ്ടാം വീടാകുന്ന ഒരുപാടേറെ ജീവിതങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌.. ഈയുള്ളവനും കുറച്ചുകാലം അങ്ങിനെ ജീവിച്ചിട്ടുണ്ട്‌. ആദ്യത്തെ കുറച്ച്ദിവസത്തെ പരിചയക്കേടു തീരുമ്പോള്‍ വലിയ സുഹൃത്തുക്കളാകുന്ന പതിവു മുഖങ്ങള്‍.. രാവിലെയും വൈകീട്ടും നാലാളിരിക്കുന്ന ബെര്‍ത്തില്‍ എട്ടാമതൊരാള്‍ക്കുകൂടി സ്ഥലമുണ്ടാക്കുന്ന മഹാ മാന്ത്രികര്‍.. നാമറിയാതെ നമ്മുടെ ജീവിത്തിന്റെ ഭാഗമാകുന്നവര്‍.. നമ്മുടെ സുഖത്തിലും ദുഃഖത്തിലും പങ്കുചേരുന്നവര്‍.. ചോദിക്കാതെത്തന്നെ ആ പെണ്‍കുട്ടിയുടെ രക്ഷിതാവാവുന്നവര്‍. കോളേജിലെ പ്രശ്നങ്ങളും അമേരിക്ക ഇറാക്കിനെ ആക്രമിച്ച്തും ഒരേ ഗൌരവത്തില്‍ ചര്‍ച്ച ചെയ്യുന്നവര്‍.. രാവിലത്തെ പെട്ടിപ്പുറത്തെ അമ്പത്താറും, ചെസ്സും, റമ്മിയും അകമഴിഞ്ഞാസ്വദിച്ച്‌ തുടങ്ങിയ ദിവസങ്ങളൊന്നും മോശമായിട്ടില്ല എന്റെ അനുഭവത്തില്‍.. ഇതിനെല്ലാം കാരണഭൂതനായി കിതച്ചു കിതച്കു വൈകിയൊടുന്ന തീവണ്ടി..

 
At 10:59 PM, Blogger കരീം മാഷ്‌ said...

നല്ല തുടക്കമായിരുന്നു.
ബ്ലോഗു നിര്‍ത്തിപ്പോയിട്ടു ഒരു വര്‍ഷമായല്ലോ സൂഫീ,
ഇപ്പോള്‍, എവിടേയാ.
ബ്ലൊഗെഴുത്തു നിര്‍ത്തിയതോ

 

Post a Comment

<< Home