
2
നാഗര്‍കോവില്‍ കഴിഞ്ഞു ട്രെയിന്‍ തിരുനെല്‍വേലിക്കു തിരിയുകയാണ്.
തമിഴ്‌നാട്ടിന്റെ നിവര്‍ന്ന പച്ചപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ ഒറ്റക്കും പെട്ടെക്കുമായി കുത്തി നിര്‍ത്തിയിരിക്കുന്ന നോക്കു കുത്തികള്‍!
ഇടക്കു പ്രത്യക്ഷപ്പെടുന്ന തെങ്ങിന്‍ തോപ്പുകളും, വാഴത്തോപ്പുകളും!
സന്ധ്യയായതിനാല്‍ പച്ചപ്പുകള്‍ തനി നിറം വിട്ടു അതിന്റെ ഡാര്‍ക്ക് ഷൈഡുകളിലേക്കു പടര്‍ന്നു കയറിത്തുടങ്ങിയിരുന്നു. ദൂരെ വയലറ്റു നിറത്തില്‍ നിന്നു ചാര നിറത്തിലേക്കു സംക്രമിക്കുന്ന മല നിരകള്‍ സമതലത്തിനു ചെറിയ മതില്‍ തീര്‍ത്തു കൊണ്ടു നില്‍ക്കുന്നു.
അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകളിലെ ഇലക്‍ട്രിക് ബല്‍ബുകള്‍ മണ്‍ചെരാതുകളെപ്പോലെ തോന്നിച്ചു.
സന്ധ്യ മയങ്ങുകയാണ്. ഇഷ്ടികച്ചൂളകള്‍ക്കു മീതെ സന്ധ്യ ചുവന്നു തുടങ്ങി.
ഇരുണ്ട കരിമ്പാറക്കെട്ടുകള്‍ അടുത്തടുത്തു വന്നു. അവയ്ക്കു താഴെ തളം കെട്ടിയ കൊച്ചു ജലാശയങ്ങളില്‍ പായല്‍ പതഞ്ഞു കിടന്നു. വിദൂരതയില്‍ നിന്നു കേട്ട നാദവീചികള്‍ അടുത്ത് കേള്‍ക്കായി.
വര്‍ണ്ണ വിളക്കുകള്‍ തെളിഞ്ഞു കണ്ട ഒരു കോവിലില്‍ നിന്നായിരുന്നു അത്. അവിടെ ഉത്സവമാണ്. ട്രെയിനിന്റെ ജനാലകള്‍ക്കിടയിലൂടെ നേര്‍ത്ത കാറ്റ് ഒഴുകി വന്നു.
പുറത്തു മഴ പെയ്യുന്നുണ്ട്. അയാള്‍ ഹാന്‍ഡ്‌ബാഗില്‍ ഇടം കൈ കുത്തി ബര്‍ത്തില്‍ ചെരിഞ്ഞു കിടന്നു. പാറി വീഴുന്ന മഴത്തുള്ളികള്‍ തലമുടികളില്‍ വന്നു വീഴുമ്പോള്‍ അയാള്‍ക്കു വല്ലാത്ത ഒരു സുഖം തോന്നി.
എന്നാല്‍ ചിന്തകളുടെ വേലിയേറ്റത്തില്‍ ആ നിമിഷാര്‍ദ്ധ സുഖങ്ങളുടെ മണ്‍കൂനകള്‍ തകര്‍ന്നു പോയി.
അയാള്‍ക്കു 'നന്തനാരുടെ' വാക്കുകളാണു ഓര്‍മ്മ വന്നത്.
"അനുഭൂതികളുടെ ലോകത്ത് നിന്നും അയാള്‍ യാത്ര തിരിക്കുകയാണ് !!".
അതെ.. അനുഭൂതികളുടെ ലോകം... അവിടെ ഒരു കൊച്ചു വീട്ടില്‍ സ്നേഹശീലയായ ഭാര്യയും കുഞ്ഞും തന്റെ തിരിച്ചു വരവും പ്രതീക്ഷിച്ചിരിക്കുന്നു.
താന്‍ ഇവിടെ ഈ തുരുമ്പു പിടിച്ച ഒരു കമ്പാര്‍ട്ട്മെന്റിലിരുന്നു അവര്‍ക്കു എതിര്‍ദിശയിലേക്കു പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു.
എത്ര പെട്ടെന്നാണ് ചില തീരുമാനങ്ങള്‍ ജീവിതങ്ങള്‍ക്കു മേല്‍ പകിട കളിക്കുന്നത്?
ജീവിതം മറ്റൊരു ദശാസന്ധിയിലേക്ക് തെന്നി നീങ്ങുകയാണോ?
ഈ അന്തമില്ലാത്ത ചിന്തകള്‍ എവിടേക്കാണ് തന്നെയും കൊണ്ടു പോകുന്നത് കേവലമൊരു ട്രാന്‍സ്ഫറിനെക്കുറിച്ചോര്‍ത്താണ് ഈ ആകുലതകളെന്നോര്‍ത്തപ്പോള്‍ അയാള്‍ക്കു സ്വയം പുച്ഛം തോന്നി. ഇക്കണക്കിനു ജീവിതത്തില്‍ ശരിക്കുള്ള പ്രതിസന്ധികള്‍ നേരിടുമ്പോള്‍ എന്താകും അവസ്ഥ.
തന്റെ തലമുറക്കു ഒരു വിധത്തിലുള്ള ജീവിത പ്രതിസന്ധികളേയും നേരിടാനുള്ള ചങ്കൂറ്റമില്ലെന്നു അയാള്‍ക്കു എപ്പോഴും തോന്നാറുള്ളതാണ്.
ആത്മബലമില്ലത്ത ഒരു തലമുറ!
തലമുറകളെക്കുറിച്ചോര്‍ത്തപ്പോള്‍ ഉമ്മുമ്മ വീണ്ടും അയാളുടെ മനസ്സിലേക്കിറങ്ങി വന്നു. കുടുംബത്തില്‍ തലമുറകളുടെ വിടവുകള്‍ നികത്തിക്കൊണ്ടാണ് ഉമ്മുമ്മ ജീവിച്ചത്.
ഉമ്മുമ്മ അയാളുടെ ഉപ്പയുടെ ഉമ്മയുടെയും ഉമ്മയായിരുന്നു. ഉപ്പയുടെ ഉമ്മയും വാപ്പയും ഉപ്പയുടെ ചെറുപ്പത്തില്‍ തന്നെ അസുഖം വന്നു മരിച്ചുപോയി. എന്തു അസുഖം എന്നു അന്വേഷിച്ചപ്പോള്‍ ഉമ്മുമ്മയുടെ ഭഷയിലുള്ള എതോ ഒരു അസുഖത്തിന്റെ പേരു പറഞ്ഞതു അയാളിപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. ഉമ്മുമ്മക്കു ഉമ്മുമ്മയുടേതായ ഒരു ഭാഷയുണ്ടായിരുന്നു. എന്തായാലും ഉപ്പയേയും എളാപ്പയെയും വളര്‍ത്തിയതു ഉമ്മുമ്മയാണ്. ഉമ്മുമ്മയുടെ മകനായ ഉപ്പയുടെ മാമയുടെയും കുട്ടികളെ വളര്‍ത്തിയതും ഉമ്മുമ്മയാണ്.
കുടുംബത്തിനു മുകളില്‍ ഒരു വന്‍ വൃക്ഷമായി ഉമ്മുമ്മ പടര്‍ന്നു നിന്നു. അധികാരത്തിന്റെ ചെങ്കോല്‍ തന്റെ കയ്യിലിരിക്കുമ്പോഴും വളര്‍ന്നു വരുന്ന പുതിയ തലമുറക്കു തന്റെ അധികാരം പകുത്തു കൊടുക്കാന്‍ ഉമ്മുമ്മക്കു ഒരു മടിയുമുണ്ടായിരുന്നില്ല. എന്നാല്‍ പെണ്ണുങ്ങള്‍ കുടുംബകാര്യങ്ങളില്‍ അനാവശ്യമായി തലയിടുന്നതും, വഴക്കിനു വഴി വെക്കുന്നതും ഉമ്മുമ്മ വെച്ചു പൊറുപ്പിച്ചില്ല.
"എത്തറ ഓതി എണ്ണറ വായിച്ചാലും
പെണ്‍മതി പീ തൂക്കും" എന്നായിരുന്നു ഉമ്മുമ്മയുടെ പ്രമാണം.
പില്‍ക്കാലത്ത് ഉമ്മുമ്മയുടെ ഈ പ്രമാണം അയാള്‍ ഒരു സഹൃദയ സദസ്സില്‍ അവതരിപ്പിച്ച് വ്യഖ്യാനം നല്‍കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ഭാര്യയടക്കമുള്ള ചില പെണ്‍പട അയാള്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുകയുണ്ടായി. ആ സംഭവമോര്‍ത്തു ഊറിക്കൂടിയ ചിരി ചെന്നു പറ്റിയതു എതിരേയിരിക്കുന്ന തമിഴന്‍ കച്ചവടക്കാരന്റെ മുഖത്താണ്.
തമിഴന്‍ കടുപ്പിച്ചൊന്നു നോക്കിയപ്പൊള്‍ അയാളുടെ ചിരി പറന്നു പോയി.
<< Home