
അസ്സലാത്തു അലന്നബീ..
വസ്സലാമു അല റസൂല്‍...
അശ്ശഫീഉല്‍ അബ്‌തഹീ...
വല്‍ ഹബീബുല്‍ ആറബീ..
*'മൌലൂദി'ന്റെ ഈണത്തിലാഴ്ന്ന് ഉസ്താദ് മുന്നോട്ടും പിന്നോട്ട് ആടിക്കൊണ്ടു താളം പിടിക്കുമ്പോള്‍, മിനാരങ്ങളിരുന്ന അരിപ്രാവുകള്‍ കുറുകിക്കൊണ്ട് *'ജവാബ്' ചൊല്ലി.
"അസ്സലാത്തു അലന്നബീ....."
അടര്‍ന്നു വീഴാറായ മാന്റിലിന്റെ തുളകളിലേയ്ക്കു വെളിച്ചം ഉള്‍വലിയാന്‍ തുടങ്ങിയപ്പോള്‍ സാദിരിക്കയുടെ കൈകള്‍ പെട്രോമാക്സിന്റെ പമ്പിനായി പരതി. ശോഷിച്ച കരങ്ങള്‍ ചേര്‍ത്തു പിടിച്ചു കാറ്റടിക്കുമ്പോള്‍ മാന്റിലിന്റെ വെളിച്ചത്തില്‍ സാദിരിക്കയുടെ കണ്ണുകളും തിളങ്ങി.കുഴികളിലാണ്ടിരുന്ന ആ കണ്ണുകള്‍ എണ്ണ തീര്‍ന്നു കത്തിക്കൊണ്ടിരിക്കുന്ന വിളക്കു തിരി പൊലെ മുനിഞ്ഞു കത്തി. അതു നോക്കിയിരുന്നപ്പോള്‍ സിറാജിനു പേടി വന്നു. അവന്റെ മുമ്പിലിരുന്ന മറ്റ് കുട്ടികള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു.
സിറാജിനു ഉറക്കം വന്നില്ല.പ്രത്യേകിച്ചൊന്നുമറിയില്ലെങ്കിലും ഇന്നു അവന്റെ സുന്നത്ത് കല്യാണമാണെന്നു അവന്‍ മനസ്സിലാക്കിയിരുന്നു.. വീട്ടില്‍ രാവിലെ മുതല്‍ ബന്ധുക്കളുടെ തിരക്കായിരുന്നു. പലരും പുതിയ ഉടുപ്പുകളുമൊക്കെയായിട്ടാണ് വന്നിരിക്കുന്നത്. പഴങ്ങളും, മധുര പലഹാരങ്ങളും കണ്ട് കണ്ട് അവന്റെ കണ്ണു നിറഞ്ഞു. പതിവിനു വിപരീതമായി പലരും അവനെ അടുത്തു ചേര്‍ത്തു നിര്‍ത്തി ഒത്തിരി വിശേഷങ്ങള്‍ ചോദിച്ചതു അവനെ അമ്പരപ്പിക്കാതിരുന്നില്ല.
ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു.
"ന്റെ ശുന്നത്ത് കല്യാണാ".
"കണ്ടില്ലേ ചെറുക്കനു പേടിയില്ല". കാര്‍ന്നോന്മാര്‍ ചിരിച്ചു.
എന്തിനാണ് പേടിക്കുന്നതെന്നു സിറാജിനു ഒരു എത്തും പിടിയും കിട്ടിയില്ല.
രാവിലെ മുതല്‍ നല്ല കോളാണ്!.പുതുതായി തയ്ച്ചു കിട്ടിയ ജുബ്ബയും, മാടിക്കുത്തിയ ഒറ്റമുണ്ടുമുടുത്ത്, മടിയില്‍ നിറയെ അച്ചപ്പവും കുഴലപ്പവും വാരി വെച്ച്, അതും കൊറിച്ചു കൊണ്ടു അവന്‍ വീട്ടിനുള്ളിലൂടെ പറന്നു നടന്നു.
രാത്രി മൌലൂദുണ്ട്. വീടും പള്ളിയും വളരെ തൊട്ടടുത്തായതിനാല്‍ മൌലൂദ് പള്ളിയില്‍ വെച്ചാണ്. അതിനു ശേഷം വീട്ടിലെത്തി തേങ്ങാച്ചോറും പോത്തിറച്ചിക്കറിയും കൂട്ടി അത്താഴ സദ്യയുമുണ്ടു, ദുആ ഇരന്ന്, എല്ലാവരും പിരിയും എന്നു മാത്രമാണ് അവനോടു വല്ല്യാമ പറഞ്ഞത്.
വല്ല്യാമയുടെ വീട്ടില്‍ നിന്നു മോയിനും മുഹ്സിനുമൊക്കെ എത്തിയിരുന്നു. ഒക്കെയും *സഫ്ഫിന്റെ മുമ്പിലിരുന്നു ഉറക്കം തൂങ്ങുന്നുണ്ട്. മൌലൂദ് ചൊല്ലുമ്പോള്‍ ഉറങ്ങുന്നതു ഉസ്താദെങ്ങാനും കാണണം. പിന്നെ അടുത്ത ഓത്തു ക്ലാസ്സില്‍ അസ്സലായിട്ടു അടി കിട്ടും. ഇത്തിരി പവ്വറുള്ളവന്മാരല്ലെ ഒന്നു രണ്ടു കിട്ടിയാലും കുഴപ്പമില്ല.
ഓര്‍ത്തിരുന്നപ്പോള്‍ *ദുആയ്ക്കു ഇടക്കുള്ള ഉറക്കെയുള്ള ആമീന്‍ വിളികള്‍ കേട്ടു തുടങ്ങി.
ഈണത്തിലുള്ള ഓരോ ദുആ വചനങ്ങള്‍ക്കും ശേഷം തേനീച്ച മൂളുന്നതു പോലെ ആളുകള്‍ ആമീന്‍ പറഞ്ഞു.
സലാത്ത് ചൊല്ലി എഴുന്നേല്‍ക്കുമ്പോള്‍ വല്ല്യാമ അവന്റെ കയ്യില്‍ പിടിച്ചിരുന്നു.
വീട്ടിലേക്കുള്ള ഇടവഴി കടക്കുമ്പോള്‍ അവന്‍ അതു കണ്ടു.
ഉമ്മറത്തെ ഇരുമ്പു കസേരയില്‍ ഒരു തലേക്കെട്ടു കെട്ടിയ രൂപം!
ഒസ്താന്‍ മമ്മൂഞ്ഞ്!
സിറാജിന്റെ ഉള്ളൊന്നു പിടഞ്ഞു.
ഒസ്താന്‍ മമ്മൂഞ്ഞു വരുന്ന വീടുകളില്‍ നിന്നു കുട്ടികളുടെ കരച്ചില്‍ ഉയരുന്നതു പലപ്പോഴും അവന്‍ കേള്‍ക്കാറുണ്ട്.
തിണ്ണയിലേക്കു കയറുമ്പോള്‍ ഒസ്താന്‍ മമ്മൂഞ്ഞു വല്ല്യാമയോടു ചോദിച്ചു.
"കമറെ, ഇമനെയാണൊ ഇന്നു ഇസ്ലാമാക്കണ്ടത്?"
ഒസ്താന്റെ വെറ്റിലക്കറ പുരണ്ട പല്ലുകളില്‍ ഒരു വക്രിച്ച ചിരി സിറാജ് കണ്ടു.
"ഉമ്മാ ... "അലറിക്കരഞ്ഞുകൊണ്ട് വല്ല്യാമയുടെ കയ്യും വെട്ടിച്ചു സിറാജ് അകത്തേക്കു ഓടാന്‍ ശ്രമിച്ചു.
തടുത്തു നിര്‍ത്തിയ കയ്യുകള്‍ പള്ളിയിലെ സയ്യദ് റാവുത്തറുടേതായിരുന്നു. അജാനുബാഹുവായ സയ്യദ് റാവുത്തര്‍ സിറാജിനെ ഒരു പൂച്ചക്കുഞ്ഞിനെ എന്ന വണ്ണം തൂക്കിയെടുത്തു, കൊച്ചു മുറിയിലേക്കു നീങ്ങുമ്പോള്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി ഒസ്താന്‍ മുണ്ടു കുടഞ്ഞെഴുന്നേറ്റു.
പെട്രോമാക്സ് കത്തിച്ച് വെച്ച കൊച്ചു മുറിയില്‍ ഒരു സ്റ്റൂള്‍ ഇട്ടിരുന്നു. ഒസ്താന്‍ മമ്മൂഞ്ഞും വേറെ കുറേപ്പേരും അകത്തേക്കു കയറുന്നതും വാതിലുകളടയുന്നതും അവനറിഞ്ഞു.
"ഉപ്പാ.. ഉമ്മാ ന്നെ കൊല്ലാമ്പൊണ്....
എളാപ്പാ, വല്ല്യാമാ എന്നെ വിടാന്‍ പറ..."
സയ്യദു റാവുത്തറുടെ കയ്യില്‍ കിടന്നു സിറാജ് പിടഞ്ഞു.പുതുകോടിയായ തന്റെ ഒറ്റമുണ്ട് ഉരിഞ്ഞു മാറ്റപ്പെടുന്നതു സിറാജ് അറിഞ്ഞു.
അയഞ്ഞു കിട്ടിയ കാല്‍ സിറാജ് ആഞ്ഞു കുടഞ്ഞപ്പോള്‍ സ്റ്റൂളടക്കം ഒസ്താന്‍ മമ്മൂഞ്ഞു പുറകോട്ടു മലച്ചു.
"അള്ളാ.."
ആളുകള്‍ അടക്കി ചിരിച്ചു.
വീണ്ടും ബലവത്തായ പല കൈകള്‍ ചേര്‍ന്നു അവനെ അമര്‍ത്തിപ്പിടിച്ചു.
ലാ ഇലാഹ ഇല്ലള്ളാ... ലാ ഇലാഹ ഇല്ലള്ളാ...
ശഹാദത്ത് കലിമയുടെ ഇരമ്പം കാതുകളില്‍ ആര്‍ത്തലക്കുകയാണ്.
ഉള്ളില്‍ നിന്നു സ്ത്രീകളാരൊക്കെയോ തേങ്ങിക്കരയുന്നു.
ഉമ്മയാണോ? അതൊ മാമിമാരോ?
അവര്‍ അവനെ സ്റ്റൂളില്‍ പിടിച്ചിരുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഒരു ലോഹസ്പർശം ഒരു തണുപ്പു പോലെ ശരീരത്തില്‍ അരിച്ചിറങ്ങുന്നതു സിറാജറിഞ്ഞു.
ശേഷം...
ഇരുട്ടിന്റെ ഒരു ലോകത്തേക്കു ആരോ പിടിച്ചെറിഞ്ഞതു പോലെ..
അത്രയുമേ അവനു ഓര്‍മ്മയുണ്ടായിരുന്നുള്ളു.
ഉണരുമ്പോള്‍ ആകെ കോലാഹലമായിരുന്നു. ഉപ്പ കരയുന്നതാണ് അവന്‍ കണ്ടത്. അതു വരെ ഉപ്പ കരയുന്നതു അവന്‍ കണ്ടിരുന്നില്ല. ദേഷ്യപ്പെട്ടു നിന്നിരുന്ന എളാപ്പയുടെ കൈകള്‍ ഒസ്താന്റെ കുപ്പായത്തില്‍ കുത്തിപ്പിടിച്ചിരിക്കുന്നതാണ് അടുത്ത കാഴ്ച്ച. കണ്ണ് തുറന്ന സിറാജിനെ കണ്ട്, എളാപ്പ ഒസ്താന്റെ കുപ്പായത്തില്‍ നിന്നു പിടി വിട്ട് അവന്റെ അടുത്തേക്കോടിയെത്തി.
"എളാപ്പാ.. ഇയ്യാളു"
സിറാജ് അനങ്ങാന്‍ ശ്രമിച്ചു.
തരിപ്പു പോലെ ഒരു വേദന ഒഴുകി വന്നു അവന്റെ അരക്കെട്ടു നിറച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
"അനങ്ങണ്ട!" ആശ്വാസം നിറഞ്ഞ മുഖത്തോടെ ഒസ്താന്‍ അടുത്തേക്കു വന്നു.
കാലു പൊക്കി ഒന്നു കൂടെ തൊഴിക്കാനാണ് സിറാജിനു തോന്നിയത്.
വയ്യ.... കാല്‍ അനക്കാന്‍ വയ്യ....
അവന്റെ അരക്കു കീഴ്പോട്ടു തുണിയിട്ടു മൂടിയിരുന്നു. അവിടെ ഉയര്‍ത്തിക്കെട്ടിയ മുണ്ടില്‍ കാച്ചില്‍ കിഴങ്ങിന്റെ വള്ളി പോലെ ഒരു കയര്‍ കെട്ടി ഉത്തരത്തില്‍ ഞാത്തി ഇട്ടിരുന്നു.
തുറന്നു കിടക്കുന്ന വാതില്‍ക്കല്‍ ഉസ്താദിന്റെ മുഖം.
ഉസ്താദ് അടുതേക്കു വന്നു.... *ആയത്തുല്‍ കുര്‍സിയ്യ് ഓതി അവന്റെ നെഞ്ചില്‍ ശിഫാ ശിഫാ എന്നു മൂന്നു പ്രാവശ്യം ഊതി.
"എന്തിനാണ്ടാ കരയണ്. അനക്കൊന്നൂല്ല. യ്യിപ്പൊ ഒരു ഉഷാറു മുസ്ലിം ആങ്കുട്ടി ആയിരിക്കണ്"
ഉസ്താദിന്റെ കരുണ നിറഞ്ഞ മുഖം അവന്‍ കണ്ടു.
താനൊരു ഉത്തമനായ മുസല്‍മാന്‍ ആയിരിക്കുന്നുവെന്ന്... വേദനക്കിടയിലൂടെ അവന്‍ ചിരിച്ചു.
കണ്ണീരില്‍ കുതിര്‍ന്ന ചിരി...
*സഫ്ഫ്: പള്ളിയില്‍ ഇരിക്കുമ്പോഴുള്ള നിര
* ദുആ: പ്രാര്‍ത്ഥന
*ആയത്തുല്‍ കുര്‍സിയ്യ്: അതി ശ്രേഷ്ഠമായ ഒരു ഖുര്‍ആന്‍ വാക്യം
* മൌലൂദ്: സ്തുതികീര്‍ത്തനങ്ങള്‍
* ജവാബ്: കോറസ്സായി ചൊല്ലുന്ന മൌലൂദ് ശകലം
Comments
ഓട്ടുപാത്രത്തില്‍ നിറച്ചുവെച്ച മണലില്‍ കുത്തിനിറ്ത്തിയ ചന്ദനത്തിരികളില്‍ നിന്നുയരുന്ന സുഗന്ധമാറ്ന്ന പുക ഭക്തിസാന്ദ്രമായ ഈ ഓറ്മ്മകളുടെ അന്തരീക്ഷത്തില്‍ ജിന്നിന്റെ ചിത്രം വരയ്ക്കുന്നു.
ബാല്യകാലത്തിന്റെ പട്ടുറുമാലില്‍ വരച്ച ചുവന്ന ചെമ്പരത്തി പൂ പോലെ ഓര്‍മ്മകള്‍ തിക്കി തിരക്കുന്നു.
ഓര്‍മ്മകളുടെ ഖബറില്‍ നിന്നൂറിയ വളത്തില്‍ നിന്ന് ഒരായിരം നിറമുള്ള മണമുള്ള പേരറിയാ പൂക്കള്‍ ഇതള്‍ വിരിക്കുന്നു.
സ്മരണകളുടെ ചെറുവിരലില്‍ തൂങ്ങി അത്തറ് മണക്കുന്ന വഴിത്താരകളിലൂടെ പള്ളി മുറ്റത്തേക്ക് നടന്നടുക്കുമ്പോള്‍ വറ്ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് ഞാനാ ജവാബ് ഇപ്പോഴും കേള്‍ക്കുന്നു.
“അസ്സലാത്തു അലന്നബീ..വസ്സലാത്തു അല റസ്സൂല്‍..“
സൂഫീ ബാക്കി കേള്‍ക്കാന്‍ കാറതറിരിക്കുന്നു...
Published By ibruman - December 21 1:54 PM
------------------------------------------------------------------------------------
ഞാനും...
Published By സിബു December 23 11:13 AM
------------------------------------------------------------------------------------
22 Comments:
Nice! Now those without a passport also can comment :)
അതെ സജിത്തെ,
കമ്മന്റാൻ passport വേണമെന്നുള്ളതു ഒരു മോശമായി തോന്നിയതു കൊണ്ടാണു കൂടടക്കം ഇങ്ങു പറിച്ചോണ്ടു പോന്നത്
:)
പ്രിയ സൂഫീ.
ഈ കൂടുമാറ്റം നന്നായിരിക്കുന്നു.
പാതിപറഞ്ഞിടത്ത് നിന്ന് തുടരില്ലേ?.
ഇബ്രു-
ഇബ്രു
താങ്കളുടെ ആദ്യകമന്റ് കണ്ടതിനു ശേഷം എന്റെ ‘ഒച്ചയടച്ചു‘ പോയിരിക്കുകയായിര്രുന്നു.
പോസ്റ്റിനെ വെല്ലുന്ന കമന്റ്!
അനര്ര്ഗ്ഗളമായി പ്രവഹിക്കുന്ന ഭാഷ!!
സു പറഞ്ഞതു പോലെ ഞാൻ അധീരനാവുന്നു.
ഒന്നും അറിഞ്ഞൂടാ...എങ്കിലും,
ഈര്‍ക്കിലില്‍ ഓല കാറ്റാടിയന്ത്രം ഘടിപ്പിച്ച് ഓത്തുപള്ളീടെ അടുത്തൂകൂടെ ഓടിക്കളിക്കാറുള്ള ബാല്യകാലം ഓര്‍മ്മയിലേക്കോടിയെത്തുന്നു.
ഞാനും ചൊലിക്കോട്ടേ, "അസ്സലാത്തു അലന്നബീ..വസ്സലാത്തു അല റസ്സൂല്‍..“
ഹാവൂ ഇവിടെയെത്തിയോ? നന്നായി. അവിടെ വന്ന് മര്യാദക്കൊന്ന് കമന്റാന്‍ പറ്റില്ല.
ബ്ലോഗറിലേയ്ക്ക് സ്വാഗതം. ഈ കഥ പറച്ചില്‍ കല്പാന്തരങ്ങളോളം നീണ്ടുപോകട്ടെ!
സൂഫിയും ഇങോട്ടുതന്നെ പോന്നു!ധീമന്‍ സ്വാഗതമോതുന്നു...-സു-
സിറാജിനേപ്പോലെ ഉറങ്ങാതെ ഞാനും കാത്തിരിക്കുന്നു...
തുളസി,സു, പെരിങ്ങോടന്‍,സുനില്‍,സ്വാര്‍ത്ഥന്‍
നന്ദി.
msn-l നിങ്ങളെയൊക്കെ വളരെ മിസ്സ് ചെയ്ത്തിരുന്നു. അതു കൊണ്ടാണു വാടകവീട് വിറ്റിട്ടായാലും തറവാട്ടിലേക്കു തിരിച്ച് വന്നതു.
തലോടലേൽക്കാനും,വഴക്കു കേൽക്കാനും, പരിഭവം പറയാനും ഞാനിതാ ഇനി നിങ്ങളോടൊപ്പമുണ്ട്.
ഉറങ്ങാതെ കാത്തിരുന്നവരെ..
ഇതാ പാതി പറഞ്ഞിടത്ത് നിന്ന് തുടരുന്നു...
പണ്ട് തലത്ത് മഹ്‌മൂദിന്റെ "മേരാ പ്യാര്‍ മുഝേ ലൌട്ടാ ദോ" കേട്ടിട്ട് കിഷോര്‍ കുമാര്‍ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.
" ഇത്രയും ഭാവം വഴിഞ്ഞൊഴുകുന്ന സ്വരങ്ങള്‍ക്കിടയില്‍ ഒരു മൂളിപ്പാട്ടു പാടാന്‍ പോലും പേടി തോന്നുന്നു"..
സൂഫീ..
വായിച്ചപ്പോള്‍ അടിവയറ്റിലൊരു(അതോ അതിനു താഴെയോ) വേദന. അടക്കി പിടിച്ചുള്ള എന്റെ ഉമ്മച്ചിയുടെ തേങ്ങലും ഓര്‍മ്മ വന്നു. പ്രാകൃതമായ ആ ചേലാകര്‍മ്മ രീതിയുടെ ഇര എന്ന നിലയില്‍ സത്യമായും പറയട്ടെ, സൂഫിയ്ക്ക് ഇതൊരു തുടര്‍ക്കഥയാണെങ്കില്‍ എന്റെ അനുഭവസാക്ഷ്യമാണ് നിങ്ങള്‍ കുറിക്കുന്നത്.
വളരെ മനോഹരമായിരിക്കുന്നു.
ഇബ്രു-
നല്ല എഴുത്ത്!
വായനയ്ക്കിടയിൽ ഒത്തിരിതവണ “സ്മാരകശിലകൾ“ മനസിലൂടെ കടന്നുപോയ്.
സുന്നത്ത് കല്യാണവും കുത്തിയറാത്തീബും ഒക്കെ അതിൽ വായിച്ച് അതിശയിച്ചിരുന്നുപോയിട്ടുണ്ട് ഞാൻ.
കഴിഞ്ഞ റമദാന്‍ മാസം മുഴുവന്‍ നോമ്പെടുത്ത ഞാന്‍ ഒരുദിനം സഹപ്രവര്‍ത്തകനായ മുസ്ലീം സഹോദരനോടൊപ്പം പള്ളിയില്‍ നിസ്കാരത്തിന് പോയി. ‘മുസ്ലീം സംസ്കാരം അടുത്തറിയണം’ എന്നത് എന്റെ ആഗ്രഹമാണ്. സൂഫീ, താങ്കള്‍ ഒരു സുവര്‍ണ്ണാവസരമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
സൂഫി, അനനുകരണീയം ഈ ആഖ്യാനശൈലി.
നല്ല ഒഴുക്ക്. നല്ല ഭാഷ.
കാത്തിരിക്കുന്നു.
എനിക്കു വായിച്ചിട്ടു തന്നെ തല ചുറ്റുന്നു. പണ്ട് കൊച്ചിയിലെ കൃഷ്ണാ നഴ്സിംഗ് ഹോമിലെ സഭാപതി ഡോക്ടർ അപ്പുവിനെ ഈ കർമ്മത്തിനു പിടിച്ച് കൊണ്ട് പോകുമ്പോ, അവനു വേദനിച്ചതിലേറെ, എന്റെ ഹൃദയം വേദനിച്ചിരുന്നു. കെട്ടിപൂട്ടിയ ബാൻഡേജുമായി മൂന്നു വയസ്സുകാരൻ അപ്പൂ, മേ... കഭി നഹി ശൂ ശൂ കരേഗാ, ഉസ്നെ കാട്ട് ദിയാ... ദർധ് ഹേ ബഹുത് ദർധ് ഹേ.... അവൻ മൂന്നാലു ദിവസം പിടഞ്ഞു. നല്ലതിനാണെങ്കിലും, ജാതിയിലേയ്കടുക്കാനാണെങ്കിലും, സൂഫി, മക്കളെ അമ്മമ്മാരുടെ മുമ്പിലിട്ട് പിടയിയ്കല്ലേ.. എനിക്ക് ഇപ്പോഴും നോവുന്നു.
ബിസ്മില്ലാഹിരഹിമാനുരഹിം..
നല്ല ഒഴുക്ക്. നല്ല ഭാഷ. ഞാനും കാത്തിരിയ്കുന്നു. ഇനിയും നോവില്ലാത്ത കാര്യങ്ങളെൽഴുതൂ.
പ്രിയപ്പെട്ടവരെ നിങ്ങളുടെ ആസ്വാദനങ്ങൾക്കു നന്ദി.
കണ്ണൂസ്, ഇബ്രു, സാക്ഷി, അതുല്യ :)
കുമാർ, സ്വാർത്ഥാ,
ഞാൻ പറയാൻ ശ്രമിക്കുന്നതു, ഞാൻ കണ്ടറിഞ്ഞ കിഴക്കൻ കേർളത്തിലെ മുസ്ലിം സംസ്കാരത്തെക്കുറിച്ചാണ്. അതൊരു കുടിയേറ്റ ചരിത്രത്തിന്റെ ഭാഗം മാത്രമാണ്. എന്റെ അറിവാണെങ്കിൽ പരിമിതവും. നിങ്ങൽ വായിച്ചറിഞ്ഞ ബഷീറിയൻ ലോകത്തിനോടു ഇതിനു വളരെ സാമ്യത തോന്നാം. മലബാറിന്റെ മുസ്ലിം സംസ്കൃതിയെക്കുറിച്ചു എനിക്കും വായിച്ച് കേട്ട അറിവേയുള്ളു.. സ്മാരകശിലകൾ ഞാൻ വളരെ വൈകി വായിച്ച ഒരനുഭവമാണ്. പുനത്തിലിന്റെ സ്മാരകശിലകളും, വിജയന്റെ ഖസാക്കും, കോവിലന്റെ തട്ടകവും എന്നെ ഏറെ സ്പർശിച്ച ഇതിഹാസങ്ങളാണ്.
എന്തു പറയാന്‍? നന്നായിരിക്കുന്നൂ സൂഫീ! ഇനിയും എഴുതൂ.
പിന്നെ ഞാനും മോഡല്‍ കോളെജിന്റെ പ്രൊഡക്റ്റ് - 94 ബാറ്റ്ച്. :)
http://www.indigolog.com
This comment has been removed by a blog administrator.
സൂഫീ നന്നായിരിക്കുന്നു
do the best
നല്ല തുടക്കമായിരുന്നു.
ബ്ലോഗു നിര്‍ത്തിപ്പോയിട്ടു ഒരു വര്‍ഷമായല്ലോ സൂഫീ,
ഇപ്പോള്‍, എവിടേയാ.
ബ്ലൊഗെഴുത്തു നിര്‍ത്തിയതോ
Post a Comment
<< Home