Monday, January 23, 2006


4



അസ്സലാത്തു അലന്നബീ..
വസ്സലാമു അല റസൂല്‍...
അശ്ശഫീഉല്‍ അബ്‌തഹീ...
വല്‍ ഹബീബുല്‍ ആറബീ..

*'മൌലൂദി'ന്റെ ഈണത്തിലാഴ്ന്ന് ഉസ്താദ്‌ മുന്നോട്ടും പിന്നോട്ട്‌ ആടിക്കൊണ്ടു താളം പിടിക്കുമ്പോള്‍, മിനാരങ്ങളിരുന്ന അരിപ്രാവുകള്‍ കുറുകിക്കൊണ്ട്‌ *'ജവാബ്‌' ചൊല്ലി.

"അസ്സലാത്തു അലന്നബീ....."

അടര്‍ന്നു വീഴാറായ മാന്റിലിന്റെ തുളകളിലേയ്ക്കു വെളിച്ചം ഉള്‍വലിയാന്‍ തുടങ്ങിയപ്പോള്‍ സാദിരിക്കയുടെ കൈകള്‍ പെട്രോമാക്സിന്റെ പമ്പിനായി പരതി. ശോഷിച്ച കരങ്ങള്‍ ചേര്‍ത്തു പിടിച്ചു കാറ്റടിക്കുമ്പോള്‍ മാന്റിലിന്റെ വെളിച്ചത്തില്‍ സാദിരിക്കയുടെ കണ്ണുകളും തിളങ്ങി.കുഴികളിലാണ്ടിരുന്ന ആ കണ്ണുകള്‍ എണ്ണ തീര്‍ന്നു കത്തിക്കൊണ്ടിരിക്കുന്ന വിളക്കു തിരി പൊലെ മുനിഞ്ഞു കത്തി. അതു നോക്കിയിരുന്നപ്പോള്‍ സിറാജിനു പേടി വന്നു. അവന്റെ മുമ്പിലിരുന്ന മറ്റ്‌ കുട്ടികള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു.

സിറാജിനു ഉറക്കം വന്നില്ല.പ്രത്യേകിച്ചൊന്നുമറിയില്ലെങ്കിലും ഇന്നു അവന്റെ സുന്നത്ത്‌ കല്യാണമാണെന്നു അവന്‍ മനസ്സിലാക്കിയിരുന്നു.. വീട്ടില്‍ രാവിലെ മുതല്‍ ബന്ധുക്കളുടെ തിരക്കായിരുന്നു. പലരും പുതിയ ഉടുപ്പുകളുമൊക്കെയായിട്ടാണ്‌ വന്നിരിക്കുന്നത്‌. പഴങ്ങളും, മധുര പലഹാരങ്ങളും കണ്ട്‌ കണ്ട്‌ അവന്റെ കണ്ണു നിറഞ്ഞു. പതിവിനു വിപരീതമായി പലരും അവനെ അടുത്തു ചേര്‍ത്തു നിര്‍ത്തി ഒത്തിരി വിശേഷങ്ങള്‍ ചോദിച്ചതു അവനെ അമ്പരപ്പിക്കാതിരുന്നില്ല.

ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു.
"ന്റെ ശുന്നത്ത്‌ കല്യാണാ".

"കണ്ടില്ലേ ചെറുക്കനു പേടിയില്ല". കാര്‍ന്നോന്മാര്‍ ചിരിച്ചു.

എന്തിനാണ്‌ പേടിക്കുന്നതെന്നു സിറാജിനു ഒരു എത്തും പിടിയും കിട്ടിയില്ല.

രാവിലെ മുതല്‍ നല്ല കോളാണ്‌!.പുതുതായി തയ്ച്ചു കിട്ടിയ ജുബ്ബയും, മാടിക്കുത്തിയ ഒറ്റമുണ്ടുമുടുത്ത്‌, മടിയില്‍ നിറയെ അച്ചപ്പവും കുഴലപ്പവും വാരി വെച്ച്‌, അതും കൊറിച്ചു കൊണ്ടു അവന്‍ വീട്ടിനുള്ളിലൂടെ പറന്നു നടന്നു.

രാത്രി മൌലൂദുണ്ട്‌. വീടും പള്ളിയും വളരെ തൊട്ടടുത്തായതിനാല്‍ മൌലൂദ്‌ പള്ളിയില്‍ വെച്ചാണ്‌. അതിനു ശേഷം വീട്ടിലെത്തി തേങ്ങാച്ചോറും പോത്തിറച്ചിക്കറിയും കൂട്ടി അത്താഴ സദ്യയുമുണ്ടു, ദുആ ഇരന്ന്‌, എല്ലാവരും പിരിയും എന്നു മാത്രമാണ്‌ അവനോടു വല്ല്യാമ പറഞ്ഞത്‌.

വല്ല്യാമയുടെ വീട്ടില്‍ നിന്നു മോയിനും മുഹ്സിനുമൊക്കെ എത്തിയിരുന്നു. ഒക്കെയും *സഫ്ഫിന്റെ മുമ്പിലിരുന്നു ഉറക്കം തൂങ്ങുന്നുണ്ട്‌. മൌലൂദ്‌ ചൊല്ലുമ്പോള്‍ ഉറങ്ങുന്നതു ഉസ്താദെങ്ങാനും കാണണം. പിന്നെ അടുത്ത ഓത്തു ക്ലാസ്സില്‍ അസ്സലായിട്ടു അടി കിട്ടും. ഇത്തിരി പവ്വറുള്ളവന്മാരല്ലെ ഒന്നു രണ്ടു കിട്ടിയാലും കുഴപ്പമില്ല.

ഓര്‍ത്തിരുന്നപ്പോള്‍ *ദുആയ്ക്കു ഇടക്കുള്ള ഉറക്കെയുള്ള ആമീന്‍ വിളികള്‍ കേട്ടു തുടങ്ങി.
ഈണത്തിലുള്ള ഓരോ ദുആ വചനങ്ങള്‍ക്കും ശേഷം തേനീച്ച മൂളുന്നതു പോലെ ആളുകള്‍ ആമീന്‍ പറഞ്ഞു.
സലാത്ത്‌ ചൊല്ലി എഴുന്നേല്‍ക്കുമ്പോള്‍ വല്ല്യാമ അവന്റെ കയ്യില്‍ പിടിച്ചിരുന്നു.

വീട്ടിലേക്കുള്ള ഇടവഴി കടക്കുമ്പോള്‍ അവന്‍ അതു കണ്ടു.

ഉമ്മറത്തെ ഇരുമ്പു കസേരയില്‍ ഒരു തലേക്കെട്ടു കെട്ടിയ രൂപം!

ഒസ്താന്‍ മമ്മൂഞ്ഞ്‌!

സിറാജിന്റെ ഉള്ളൊന്നു പിടഞ്ഞു.

ഒസ്താന്‍ മമ്മൂഞ്ഞു വരുന്ന വീടുകളില്‍ നിന്നു കുട്ടികളുടെ കരച്ചില്‍ ഉയരുന്നതു പലപ്പോഴും അവന്‍ കേള്‍ക്കാറുണ്ട്‌.

തിണ്ണയിലേക്കു കയറുമ്പോള്‍ ഒസ്താന്‍ മമ്മൂഞ്ഞു വല്ല്യാമയോടു ചോദിച്ചു.
"കമറെ, ഇമനെയാണൊ ഇന്നു ഇസ്ലാമാക്കണ്ടത്‌?"

ഒസ്താന്റെ വെറ്റിലക്കറ പുരണ്ട പല്ലുകളില്‍ ഒരു വക്രിച്ച ചിരി സിറാജ്‌ കണ്ടു.

"ഉമ്മാ ... "അലറിക്കരഞ്ഞുകൊണ്ട്‌ വല്ല്യാമയുടെ കയ്യും വെട്ടിച്ചു സിറാജ്‌ അകത്തേക്കു ഓടാന്‍ ശ്രമിച്ചു.

തടുത്തു നിര്‍ത്തിയ കയ്യുകള്‍ പള്ളിയിലെ സയ്യദ്‌ റാവുത്തറുടേതായിരുന്നു. അജാനുബാഹുവായ സയ്യദ്‌ റാവുത്തര്‍ സിറാജിനെ ഒരു പൂച്ചക്കുഞ്ഞിനെ എന്ന വണ്ണം തൂക്കിയെടുത്തു, കൊച്ചു മുറിയിലേക്കു നീങ്ങുമ്പോള്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി ഒസ്താന്‍ മുണ്ടു കുടഞ്ഞെഴുന്നേറ്റു.

പെട്രോമാക്സ്‌ കത്തിച്ച്‌ വെച്ച കൊച്ചു മുറിയില്‍ ഒരു സ്റ്റൂള്‍ ഇട്ടിരുന്നു. ഒസ്താന്‍ മമ്മൂഞ്ഞും വേറെ കുറേപ്പേരും അകത്തേക്കു കയറുന്നതും വാതിലുകളടയുന്നതും അവനറിഞ്ഞു.

"ഉപ്പാ.. ഉമ്മാ ന്നെ കൊല്ലാമ്പൊണ്‌....

എളാപ്പാ, വല്ല്യാമാ എന്നെ വിടാന്‍ പറ..."

സയ്യദു റാവുത്തറുടെ കയ്യില്‍ കിടന്നു സിറാജ്‌ പിടഞ്ഞു.പുതുകോടിയായ തന്റെ ഒറ്റമുണ്ട്‌ ഉരിഞ്ഞു മാറ്റപ്പെടുന്നതു സിറാജ്‌ അറിഞ്ഞു.

അയഞ്ഞു കിട്ടിയ കാല്‍ സിറാജ്‌ ആഞ്ഞു കുടഞ്ഞപ്പോള്‍ സ്റ്റൂളടക്കം ഒസ്താന്‍ മമ്മൂഞ്ഞു പുറകോട്ടു മലച്ചു.

"അള്ളാ.."

ആളുകള്‍ അടക്കി ചിരിച്ചു.

വീണ്ടും ബലവത്തായ പല കൈകള്‍ ചേര്‍ന്നു അവനെ അമര്‍ത്തിപ്പിടിച്ചു.

ലാ ഇലാഹ ഇല്ലള്ളാ... ലാ ഇലാഹ ഇല്ലള്ളാ...

ശഹാദത്ത്‌ കലിമയുടെ ഇരമ്പം കാതുകളില്‍ ആര്‍ത്തലക്കുകയാണ്‌.

ഉള്ളില്‍ നിന്നു സ്ത്രീകളാരൊക്കെയോ തേങ്ങിക്കരയുന്നു.
ഉമ്മയാണോ? അതൊ മാമിമാരോ?

അവര്‍ അവനെ സ്റ്റൂളില്‍ പിടിച്ചിരുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഒരു ലോഹസ്പർശം ഒരു തണുപ്പു പോലെ ശരീരത്തില്‍ അരിച്ചിറങ്ങുന്നതു സിറാജറിഞ്ഞു.
ശേഷം...

ഇരുട്ടിന്റെ ഒരു ലോകത്തേക്കു ആരോ പിടിച്ചെറിഞ്ഞതു പോലെ..
അത്രയുമേ അവനു ഓര്‍മ്മയുണ്ടായിരുന്നുള്ളു.

ഉണരുമ്പോള്‍ ആകെ കോലാഹലമായിരുന്നു. ഉപ്പ കരയുന്നതാണ്‌ അവന്‍ കണ്ടത്‌. അതു വരെ ഉപ്പ കരയുന്നതു അവന്‍ കണ്ടിരുന്നില്ല. ദേഷ്യപ്പെട്ടു നിന്നിരുന്ന എളാപ്പയുടെ കൈകള്‍ ഒസ്താന്റെ കുപ്പായത്തില്‍ കുത്തിപ്പിടിച്ചിരിക്കുന്നതാണ്‌ അടുത്ത കാഴ്ച്ച. കണ്ണ്‌ തുറന്ന സിറാജിനെ കണ്ട്‌, എളാപ്പ ഒസ്താന്റെ കുപ്പായത്തില്‍ നിന്നു പിടി വിട്ട്‌ അവന്റെ അടുത്തേക്കോടിയെത്തി.

"എളാപ്പാ.. ഇയ്യാളു"
സിറാജ്‌ അനങ്ങാന്‍ ശ്രമിച്ചു.
തരിപ്പു പോലെ ഒരു വേദന ഒഴുകി വന്നു അവന്റെ അരക്കെട്ടു നിറച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

"അനങ്ങണ്ട!" ആശ്വാസം നിറഞ്ഞ മുഖത്തോടെ ഒസ്താന്‍ അടുത്തേക്കു വന്നു.
കാലു പൊക്കി ഒന്നു കൂടെ തൊഴിക്കാനാണ്‌ സിറാജിനു തോന്നിയത്‌.

വയ്യ.... കാല്‍ അനക്കാന്‍ വയ്യ....

അവന്റെ അരക്കു കീഴ്പോട്ടു തുണിയിട്ടു മൂടിയിരുന്നു. അവിടെ ഉയര്‍ത്തിക്കെട്ടിയ മുണ്ടില്‍ കാച്ചില്‍ കിഴങ്ങിന്റെ വള്ളി പോലെ ഒരു കയര്‍ കെട്ടി ഉത്തരത്തില്‍ ഞാത്തി ഇട്ടിരുന്നു.

തുറന്നു കിടക്കുന്ന വാതില്‍ക്കല്‍ ഉസ്താദിന്റെ മുഖം.

ഉസ്താദ്‌ അടുതേക്കു വന്നു.... *ആയത്തുല്‍ കുര്‍സിയ്യ്‌ ഓതി അവന്റെ നെഞ്ചില്‍ ശിഫാ ശിഫാ എന്നു മൂന്നു പ്രാവശ്യം ഊതി.

"എന്തിനാണ്ടാ കരയണ്‌. അനക്കൊന്നൂല്ല. യ്യിപ്പൊ ഒരു ഉഷാറു മുസ്ലിം ആങ്കുട്ടി ആയിരിക്കണ്‌"
ഉസ്താദിന്റെ കരുണ നിറഞ്ഞ മുഖം അവന്‍ കണ്ടു.

താനൊരു ഉത്തമനായ മുസല്‍മാന്‍ ആയിരിക്കുന്നുവെന്ന്‌... വേദനക്കിടയിലൂടെ അവന്‍ ചിരിച്ചു.

കണ്ണീരില്‍ കുതിര്‍ന്ന ചിരി...


*സഫ്ഫ്‌: പള്ളിയില്‍ ഇരിക്കുമ്പോഴുള്ള നിര
* ദുആ: പ്രാര്‍ത്ഥന

*ആയത്തുല്‍ കുര്‍സിയ്യ്‌: അതി ശ്രേഷ്ഠമായ ഒരു ഖുര്‍ആന്‍ വാക്യം
* മൌലൂദ്‌: സ്തുതികീര്‍ത്തനങ്ങള്‍
* ജവാബ്‌: കോറസ്സായി ചൊല്ലുന്ന മൌലൂദ്‌ ശകലം


Comments


ഓട്ടുപാത്രത്തില്‍ നിറച്ചുവെച്ച മണലില്‍ കുത്തിനിറ്ത്തിയ ചന്ദനത്തിരികളില്‍ നിന്നുയരുന്ന സുഗന്ധമാറ്ന്ന പുക ഭക്തിസാന്ദ്രമായ ഈ ഓറ്മ്മകളുടെ അന്തരീക്ഷത്തില്‍ ജിന്നിന്റെ ചിത്രം വരയ്ക്കുന്നു.
ബാല്യകാലത്തിന്റെ പട്ടുറുമാലില്‍ വരച്ച ചുവന്ന ചെമ്പരത്തി പൂ പോലെ ഓര്‍മ്മകള്‍ തിക്കി തിരക്കുന്നു.
ഓര്‍മ്മകളുടെ ഖബറില്‍ നിന്നൂറിയ വളത്തില്‍ നിന്ന് ഒരായിരം നിറമുള്ള മണമുള്ള പേരറിയാ പൂക്കള്‍ ഇതള്‍ വിരിക്കുന്നു.
സ്മരണകളുടെ ചെറുവിരലില്‍ തൂങ്ങി അത്തറ് മണക്കുന്ന വഴിത്താരകളിലൂടെ പള്ളി മുറ്റത്തേക്ക് നടന്നടുക്കുമ്പോള്‍ വറ്ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് ഞാനാ ജവാബ് ഇപ്പോഴും കേള്‍ക്കുന്നു.

“അസ്സലാത്തു അലന്നബീ..വസ്സലാത്തു അല റസ്സൂല്‍..“

സൂഫീ ബാക്കി കേള്‍ക്കാന്‍ കാറതറിരിക്കുന്നു...
Published By
ibruman - December 21 1:54 PM
------------------------------------------------------------------------------------
ഞാനും...
Published By
സിബു December 23 11:13 AM
------------------------------------------------------------------------------------


3


ട്രെയിന്‍ വല്ലാത്തൊരു ലോകമാണ്‌. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകം!
അതിലിരുന്നു ചിരിക്കുന്നവര്‍, ചിരിക്കാത്തവര്‍, കാരണവും അകാരണവുമായി ദുഖിക്കുന്നവര്‍, വിദൂരതയിലേയ്ക്കു കണ്ണും നട്ടിരുന്നു അന്തമില്ലാതെ ചിന്തിക്കുന്നവര്‍ ഇവരൊക്കെയുണ്ടെങ്കിലും മുഖത്തിന്റെ പ്രത്യക്ഷ വികാരം വെറും നിര്‍വികാരതയാണ്‌. ഉള്ളിലുള്ളതു പുറത്തെടുക്കാന്‍ ആരും തയ്യാറല്ല. മുഖം മൂടികള്‍ തുരന്നു പുറത്തു വരുന്നവയാണ്‌ പല ഭാവങ്ങളും.
ഇതാ ഇവിടെ എതിരേയിരിക്കുന്ന ഒരു തമിഴന്‍ കച്ചവടക്കാരന്‍.
ആളൊരു കര്‍ക്കശക്കരനായിരിക്കണം. വിട്ടു വീഴ്ചയില്ലാത്ത പ്രകൃതം. വടു കെട്ടിയ മുഖത്ത്‌, കാലം വീഴ്ത്തിയ അനിശ്ചിതത്വത്തിന്റെ കരിനിഴല്‍. മാടിക്കെട്ടിയ പോളിയെസ്റ്റര്‍ മുണ്ടിനു താഴെ നീളത്തില്‍ നീണ്ടു കിടക്കുന്ന കറുത്ത ട്രൌസര്‍. ചെളി പുരണ്ട മുണ്ടിനെ വകഞ്ഞു മാറ്റി ഇടക്കിടെ ട്രൌസറിന്റെ പോക്കറ്റിലേക്കു നീളുന്ന കൈകള്‍ പോക്കറ്റിലിരിക്കുന്ന നോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുകയാണെന്നയാള്‍ക്കു തോന്നി.

അസാധാരണമായ അയാളുടെ ഈ ചുഴിഞ്ഞു നോട്ടത്തില്‍ തമിഴന്‍ അസ്വസ്ഥനായതില്‍ അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.

ആളുകളെ ഒബ്‌സെര്‍വ്‌ ചെയ്യുക അയാള്‍ക്കൊരു ഹോബിയായിരുന്നു..എന്നാല്‍ ഒബ്‌സെര്‍വേഷനിലൂടെ അയാള്‍ കണ്ടെത്തിയ പല നിഗമനങ്ങളും പൊള്ളയായ വസ്തുതകള്‍ ആയിരുന്നുവെന്നതു അയാളെ ഒരിക്കലും പൊള്ളിച്ചില്ല.

വെറുതെ നോക്കിയിരുന്നു ബോറടിച്ചപ്പോള്‍ അയാള്‍ പുസ്തകം തുറന്നു വായന തുടങ്ങി.
സ്റ്റീഫന്‍ കവിയുടെ "സെവന്‍ ഹാബിറ്റ്സ്‌ ഓഫ്‌ ഹൈലി എഫെക്റ്റിവ്‌ പീപ്പിള്‍". ഈയിടെയായി അയാള്‍ക്കു മോട്ടിവേഷണല്‍ ബുക്കുകളിലാണു താല്‍പ്പര്യം. സ്വയം പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടു എന്തൊക്കെയൊ ചെയ്തു കൂട്ടണമെന്നാണു അയാളുടെ ആഗ്രഹവും.
പലരും കേട്ടാല്‍ പുച്ഛിക്കുമെങ്കിലും ഒരു 'മഹാന്‍' ആകുക എന്നതു അയാളുടെ ജീവിത ലക്ഷ്യമായിരുന്നു. എങ്ങനെയാണ്‌ ഒരു മഹാന്‍ ആയിത്തീരുക എന്നതിനെക്കുറിച്ചു അയാള്‍ ചിന്തിച്ചു കൂട്ടിയതിനു കയ്യും കണക്കുമില്ലെന്നു തന്നെ പറയാം. അതിനായി അയാള്‍ തന്റെ വായനയുടെ നല്ലൊരു പങ്ക്‌ ചരിത്രാവബോധമുണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. മഹാന്മാരുടെ ആത്മകഥകളിലൂടെയും ജീവചരിത്രങ്ങളിലൂടെയും ഏറെ സഞ്ചരിച്ചെങ്കിലും, താന്‍ മഹത്വവല്‍ക്കരിക്കപ്പെടേണ്ട സമൂഹവും തന്റെ കര്‍മരംഗവും അയാള്‍ക്കിനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം.

വായിച്ചു കിടന്ന് എപ്പോഴാണുറങ്ങിപ്പോയതെന്നു അയാള്‍ക്കോര്‍മ്മയുണ്ടായിരുന്നില്ല.

ഉണരുമ്പോള്‍ ചുറ്റും ശബ്ദങ്ങളായിരുന്നു.

ആരോ മുഖത്തേക്കു ടോര്‍ച്ചടിച്ചു.അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
ഒന്നും കാണാന്‍ കഴിയുന്നില്ല. ആരൊക്കെയൊ ഉറക്കെ സംസാരിക്കുന്നുണ്ട്‌.

കണ്ണുകള്‍ തിരുമ്മി അയാളെഴുന്നേറ്റു സീറ്റില്‍ കുത്തിയിരുന്നു.
"ഇന്ത പെട്ടി യാരുടേതു? "
കനത്ത ഒരു ചോദ്യം അയാള്‍ക്കു മുമ്പില്‍ വന്നു വീഴുകയായിരുന്നു.
ചോദ്യത്തിന്റെ ഉറവിടം ഒരു കാക്കിധാരിയില്‍ നിന്നാണെന്നതും അയാളുടെ ലാത്തി ചൂണ്ടിയിരിക്കുന്നതു തന്റെ സ്യൂട്ട്‌ കേയ്സിലേക്കായിരുന്നു എന്നുള്ളതു കൊണ്ടും അയാള്‍ ഒന്നു പകച്ചു.

"എന്ന സാര്‍ കേക്കലയെയാ.. ഇന്ത പെട്ടിയാരുടേതു? മൊഹമ്മദ്‌ സിറാജ്‌ നൂരി യാരു? നീങ്കളാ?"
പോലീസുകാരന്റെ ശബ്ദത്തിനു നല്ല കട്ടിയുണ്ടായിരുന്നു.

"യെസ്‌, അതെന്റെ പെട്ടിയാണ്‌" അയാളുടെ വാക്കുകള്‍ ചുണ്ടുകളുടെ വക്കില്‍ നിന്നു വഴുതി.
"പെട്ടിക്കുള്ളെ എന്നതു?" കാക്കിയുടെ ശബ്ദമുയര്‍ന്നു.
അയാള്‍ക്കു വല്ലാത്ത പന്തികേടു തോന്നി. കമ്പാര്‍ട്ട്മെന്റിലെ മട്ടുള്ളവര്‍ ഒരു കുറ്റവാളിയെപ്പോലെ അയാളെ നോക്കി നില്‍ക്കുകയാണ്‌.

"സര്‍, അയാമെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ഗോയിംഗ്‌ റ്റു ജോയിന്‍ എ ഫേം ഇന്‍ ചെന്നൈ. സ്യൂട്ട്കെയ്സ്‌ കണ്ടൈന്‍സ്‌ മൈ സെര്‍റ്റിഫിക്കറ്റ്സ്‌ ആന്‍ഡ്‌ ക്ലോത്ത്സ്‌ ഒണ്‍ലി". കാണാപ്പാഠം പടിച്ചു ഉരുവിടുന്നവനെപ്പോലെ അയാള്‍ അത്രയും ചൊല്ലി തീര്‍ത്തു.

"അപ്പടിയാനാല്‍ പെട്ടി ചെക്ക്‌ പണ്ണ വേണ്ടും"ശബ്ദത്തിലെ തീക്ഷ്ണത കൂടുന്നതു അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ക്കു എന്തെന്നില്ലാത്ത ഒരു വല്ലായ്മ തോന്നി. 'പൊതുജന മധത്തില്‍ വെച്ചു തുണിയുരിയപ്പെട്ടവന്റെ' അവസ്ഥ.

"വൈ യു വാണ്ട്‌ റ്റു ചെക്ക്‌ മൈ സ്യൂട്ട്കേയ്സ്‌ ?". അയാള്‍ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"സര്‍ തപ്പാ നെനക്കാതീങ്ക. ഇന്ത ട്രെയിനിലെ ബൊംബ്‌ ത്രെറ്റ്‌ ഇരുക്കെന്നു ഇന്‍ഫര്‍മേഷന്‍ കെടച്ചിരുക്കു. യാരോ ജിഹാദി ഗ്രൂപ്‌ താന്‍ ബോംബ്‌ വെച്ചിരുക്കാങ്ക. അതു താന്‍ പ്രച്ചനൈ"

അയാള്‍ക്കു എവിടെയൊക്കെയൊ ഒരു ലിങ്ക്‌ കിട്ടി. എതെങ്കിലും മുസ്ലിം തീവ്രവാദി ഗ്രൂപ്പിന്റേതാവണം ബോംബു ഭീഷണി.

അപ്പോള്‍പ്പിന്നെ മൊഹമ്മദ്‌ സിറാജ്‌ നൂരി എന്ന നേം സ്റ്റിക്കര്‍ ഒട്ടിച്ച സ്യൂട്ട്കെയ്സ്‌, ചെക്ക്‌ ചെയ്യുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതു തുറന്നു കാണണം എന്നുള്ളതാണു ആവശ്യം.

അയാള്‍ നിസംഗഭാവത്തോടെ പെട്ടി തുറന്നു. ഭാര്യ നന്നായി അടുക്കിയ വസ്ത്രങ്ങള്‍ നിറച്ച സ്യൂട്ട്കെസിനുള്ളില്‍ പോലിസുകാര്‍ ഉഴവു നടത്തുന്നതു അയാള്‍ നിസ്സഹായനായി നോക്കി നിന്നു.

ഒടുവില്‍ ഇച്ചാഭംഗത്തോടെ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്കു അവര്‍ മറ്റൊരു മൊഹമ്മദിനെയോ അബ്ദുള്ളയേയോ തേടിപ്പോയി. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പെട്ടിയില്‍ അയാളുടെ എഞ്ചിനീറിംഗ്‌ ഡിഗ്രി സെര്‍ട്ടിഫിക്കറ്റ്‌ ചുളുങ്ങി കിടക്കുന്നതു കണ്ട്‌ അയാള്‍ പല്ലുകള്‍ കൂട്ടിക്കടിച്ചു.

"ജിഹാദികള്‍!"...ആരാണ്‌ ജിഹാദികള്‍?

അയാള്‍ അറിയുന്ന *'ജിഹാദിനു' ചോരയുടെ മണമുണ്ടായിരുന്നില്ല.

ഇസ്ലാമിന്റെ പേരില്‍ നിരപരാധികളുടെ ചോര ചിന്തുന്നവര്‍ക്കു തങ്ങളേതു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണെന്നതു പോലും അറിവില്ലായിരിക്കണം.

പഠിച്ച പാഠങ്ങളില്‍ അയാളുടെ ചിന്തകളുണര്‍ന്നു... ഓതലിന്റെ ഈണം മനസ്സിലുയര്‍ന്നപ്പോള്‍ അയാള്‍ ഓത്തുപള്ളിയോര്‍ത്തു, ഒപ്പം ഉസ്താദിനേയും....

* ജിഹാദ്‌: ദൈവമാര്‍ഗ്ഗത്തിലുള്ള പരിശ്രമം.
പുതിയ വ്യാഖ്യാനമനുസരിച്ചുള്ള അര്‍ത്ഥഭേദം: വിശുദ്ധയുദ്ധം/തീവ്രവാദം


2



നാഗര്‍കോവില്‍ കഴിഞ്ഞു ട്രെയിന്‍ തിരുനെല്‍വേലിക്കു തിരിയുകയാണ്‌.
തമിഴ്‌നാട്ടിന്റെ നിവര്‍ന്ന പച്ചപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ ഒറ്റക്കും പെട്ടെക്കുമായി കുത്തി നിര്‍ത്തിയിരിക്കുന്ന നോക്കു കുത്തികള്‍!
ഇടക്കു പ്രത്യക്ഷപ്പെടുന്ന തെങ്ങിന്‍ തോപ്പുകളും, വാഴത്തോപ്പുകളും!

സന്ധ്യയായതിനാല്‍ പച്ചപ്പുകള്‍ തനി നിറം വിട്ടു അതിന്റെ ഡാര്‍ക്ക്‌ ഷൈഡുകളിലേക്കു പടര്‍ന്നു കയറിത്തുടങ്ങിയിരുന്നു. ദൂരെ വയലറ്റു നിറത്തില്‍ നിന്നു ചാര നിറത്തിലേക്കു സംക്രമിക്കുന്ന മല നിരകള്‍ സമതലത്തിനു ചെറിയ മതില്‍ തീര്‍ത്തു കൊണ്ടു നില്‍ക്കുന്നു.
അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകളിലെ ഇലക്‍ട്രിക്‌ ബല്‍ബുകള്‍ മണ്‍ചെരാതുകളെപ്പോലെ തോന്നിച്ചു.

സന്ധ്യ മയങ്ങുകയാണ്‌. ഇഷ്ടികച്ചൂളകള്‍ക്കു മീതെ സന്ധ്യ ചുവന്നു തുടങ്ങി.
ഇരുണ്ട കരിമ്പാറക്കെട്ടുകള്‍ അടുത്തടുത്തു വന്നു. അവയ്ക്കു താഴെ തളം കെട്ടിയ കൊച്ചു ജലാശയങ്ങളില്‍ പായല്‍ പതഞ്ഞു കിടന്നു. വിദൂരതയില്‍ നിന്നു കേട്ട നാദവീചികള്‍ അടുത്ത്‌ കേള്‍ക്കായി.
വര്‍ണ്ണ വിളക്കുകള്‍ തെളിഞ്ഞു കണ്ട ഒരു കോവിലില്‍ നിന്നായിരുന്നു അത്‌. അവിടെ ഉത്സവമാണ്‌. ട്രെയിനിന്റെ ജനാലകള്‍ക്കിടയിലൂടെ നേര്‍ത്ത കാറ്റ്‌ ഒഴുകി വന്നു.
പുറത്തു മഴ പെയ്യുന്നുണ്ട്‌. അയാള്‍ ഹാന്‍ഡ്‌ബാഗില്‍ ഇടം കൈ കുത്തി ബര്‍ത്തില്‍ ചെരിഞ്ഞു കിടന്നു. പാറി വീഴുന്ന മഴത്തുള്ളികള്‍ തലമുടികളില്‍ വന്നു വീഴുമ്പോള്‍ അയാള്‍ക്കു വല്ലാത്ത ഒരു സുഖം തോന്നി.
എന്നാല്‍ ചിന്തകളുടെ വേലിയേറ്റത്തില്‍ ആ നിമിഷാര്‍ദ്ധ സുഖങ്ങളുടെ മണ്‍കൂനകള്‍ തകര്‍ന്നു പോയി.

അയാള്‍ക്കു 'നന്തനാരുടെ' വാക്കുകളാണു ഓര്‍മ്മ വന്നത്‌.
"അനുഭൂതികളുടെ ലോകത്ത്‌ നിന്നും അയാള്‍ യാത്ര തിരിക്കുകയാണ്‌ !!".
അതെ.. അനുഭൂതികളുടെ ലോകം... അവിടെ ഒരു കൊച്ചു വീട്ടില്‍ സ്നേഹശീലയായ ഭാര്യയും കുഞ്ഞും തന്റെ തിരിച്ചു വരവും പ്രതീക്ഷിച്ചിരിക്കുന്നു.

താന്‍ ഇവിടെ ഈ തുരുമ്പു പിടിച്ച ഒരു കമ്പാര്‍ട്ട്മെന്റിലിരുന്നു അവര്‍ക്കു എതിര്‍ദിശയിലേക്കു പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു.

എത്ര പെട്ടെന്നാണ്‌ ചില തീരുമാനങ്ങള്‍ ജീവിതങ്ങള്‍ക്കു മേല്‍ പകിട കളിക്കുന്നത്‌?

ജീവിതം മറ്റൊരു ദശാസന്ധിയിലേക്ക്‌ തെന്നി നീങ്ങുകയാണോ?

ഈ അന്തമില്ലാത്ത ചിന്തകള്‍ എവിടേക്കാണ്‌ തന്നെയും കൊണ്ടു പോകുന്നത്‌ കേവലമൊരു ട്രാന്‍സ്ഫറിനെക്കുറിച്ചോര്‍ത്താണ്‌ ഈ ആകുലതകളെന്നോര്‍ത്തപ്പോള്‍ അയാള്‍ക്കു സ്വയം പുച്ഛം തോന്നി. ഇക്കണക്കിനു ജീവിതത്തില്‍ ശരിക്കുള്ള പ്രതിസന്ധികള്‍ നേരിടുമ്പോള്‍ എന്താകും അവസ്ഥ.
തന്റെ തലമുറക്കു ഒരു വിധത്തിലുള്ള ജീവിത പ്രതിസന്ധികളേയും നേരിടാനുള്ള ചങ്കൂറ്റമില്ലെന്നു അയാള്‍ക്കു എപ്പോഴും തോന്നാറുള്ളതാണ്‌.

ആത്മബലമില്ലത്ത ഒരു തലമുറ!

തലമുറകളെക്കുറിച്ചോര്‍ത്തപ്പോള്‍ ഉമ്മുമ്മ വീണ്ടും അയാളുടെ മനസ്സിലേക്കിറങ്ങി വന്നു. കുടുംബത്തില്‍ തലമുറകളുടെ വിടവുകള്‍ നികത്തിക്കൊണ്ടാണ്‌ ഉമ്മുമ്മ ജീവിച്ചത്‌.

ഉമ്മുമ്മ അയാളുടെ ഉപ്പയുടെ ഉമ്മയുടെയും ഉമ്മയായിരുന്നു. ഉപ്പയുടെ ഉമ്മയും വാപ്പയും ഉപ്പയുടെ ചെറുപ്പത്തില്‍ തന്നെ അസുഖം വന്നു മരിച്ചുപോയി. എന്തു അസുഖം എന്നു അന്വേഷിച്ചപ്പോള്‍ ഉമ്മുമ്മയുടെ ഭഷയിലുള്ള എതോ ഒരു അസുഖത്തിന്റെ പേരു പറഞ്ഞതു അയാളിപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. ഉമ്മുമ്മക്കു ഉമ്മുമ്മയുടേതായ ഒരു ഭാഷയുണ്ടായിരുന്നു. എന്തായാലും ഉപ്പയേയും എളാപ്പയെയും വളര്‍ത്തിയതു ഉമ്മുമ്മയാണ്‌. ഉമ്മുമ്മയുടെ മകനായ ഉപ്പയുടെ മാമയുടെയും കുട്ടികളെ വളര്‍ത്തിയതും ഉമ്മുമ്മയാണ്‌.

കുടുംബത്തിനു മുകളില്‍ ഒരു വന്‍ വൃക്ഷമായി ഉമ്മുമ്മ പടര്‍ന്നു നിന്നു. അധികാരത്തിന്റെ ചെങ്കോല്‍ തന്റെ കയ്യിലിരിക്കുമ്പോഴും വളര്‍ന്നു വരുന്ന പുതിയ തലമുറക്കു തന്റെ അധികാരം പകുത്തു കൊടുക്കാന്‍ ഉമ്മുമ്മക്കു ഒരു മടിയുമുണ്ടായിരുന്നില്ല. എന്നാല്‍ പെണ്ണുങ്ങള്‍ കുടുംബകാര്യങ്ങളില്‍ അനാവശ്യമായി തലയിടുന്നതും, വഴക്കിനു വഴി വെക്കുന്നതും ഉമ്മുമ്മ വെച്ചു പൊറുപ്പിച്ചില്ല.

"എത്തറ ഓതി എണ്ണറ വായിച്ചാലും
പെണ്‍മതി പീ തൂക്കും" എന്നായിരുന്നു ഉമ്മുമ്മയുടെ പ്രമാണം.

പില്‍ക്കാലത്ത്‌ ഉമ്മുമ്മയുടെ ഈ പ്രമാണം അയാള്‍ ഒരു സഹൃദയ സദസ്സില്‍ അവതരിപ്പിച്ച്‌ വ്യഖ്യാനം നല്‍കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ഭാര്യയടക്കമുള്ള ചില പെണ്‍പട അയാള്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുകയുണ്ടായി. ആ സംഭവമോര്‍ത്തു ഊറിക്കൂടിയ ചിരി ചെന്നു പറ്റിയതു എതിരേയിരിക്കുന്ന തമിഴന്‍ കച്ചവടക്കാരന്റെ മുഖത്താണ്‌.

തമിഴന്‍ കടുപ്പിച്ചൊന്നു നോക്കിയപ്പൊള്‍ അയാളുടെ ചിരി പറന്നു പോയി.

Sunday, January 22, 2006





1
"ഉമ്മുമ്മാ... ഒരു കത പറയ്‌ "
സിറാജ്‌ നിന്നു ചിണുങ്ങി.
നരച്ച മുടിയിഴകള്‍ കോതിയൊതുക്കി, മെല്ലിച്ചു നീണ്ട കൈകള്‍ കൊണ്ടു കാല്‍മുട്ടുകളുഴിഞ്ഞു, കുസൃതിച്ചിരിയോടെ ഉമ്മുമ്മാ പാടിത്തുടങ്ങി..
"കതകതയച്ചി കാരണത്തച്ചി..
കഞ്ഞീലുരിയരി വെച്ചാളച്ചി
അതൂറ്റി കുടിച്ചാളച്ചി
എന്നിട്ട്‌ കെടന്നു ഉറങ്കിയാളച്ചി.."

സിറാജിനു ദേഷ്യം വന്നു.
ഈ പാട്ടില്‍ കഥയില്ലെന്നു അവനറിയാം. പിണക്കത്തോടെ ശുഷ്കിച്ച കൈപ്പലകകളില്‍ തൊലി വലിച്ചു അവന്‍ ഉമ്മുമ്മയ്ക്കു നല്ലൊരു നുള്ളു കൊടുത്തു.
"എന്റെ ആണ്ടവരേയ്‌.." ഉമ്മുമ്മ വേദന കൊണ്ടു കൈ വലിച്ചു.
"ഷെരീഫാ.. നെന്റെ അറാമ്പെറന്ന പയലിനെ വിളിച്ചോണ്ടു പോ.. ന്നെ ഉവദ്രവിക്കുന്ന്..." ഉമ്മുമ്മ ഉറക്കെ വിളിച്ചു പറഞ്ഞതു കേട്ടതും അടുക്കളയിലെ ഇടനാഴിയില്‍ നിന്നും ഉമ്മയുടെ ശബ്ദം ഉയര്‍ന്നു. സിറാജ്‌ പഴങ്കമ്പിളിക്കുള്ളിലേയ്ക്കു നൂഴ്ന്നു കയറി.
ഇനി വഴക്കിന്റെ പൂരമാണ്‌. വഴക്കു കേട്ടെഴുന്നേല്‍ക്കാതിരുന്നാല്‍ ചിലപ്പോള്‍ ചെറിയ ഒന്നു രണ്ടു അടി കിട്ടിയെന്നും വരും.അടി കിട്ടുന്നതോ വഴക്കു കേള്‍ക്കുന്നതോ അല്ല സിറാജിനു പ്രശ്നം, ഉമ്മ കമ്പിളിക്കുള്ളില്‍ നിന്നും അവനെ വലിച്ചു പുറത്തെടുത്ത്‌, തിണ്ണയിലെ ഇരുമ്പു കസേരയില്‍ കൊണ്ടു പോയി പുസ്തകവും കയ്യില്‍ തന്ന്‌ ഇരുത്തും. കമ്പിളിക്കുള്ളില്‍ നിന്നു പുറത്തു കടക്കുമ്പോഴേ തണുത്തു വിറക്കാന്‍ തുടങ്ങുന്ന അവന്‍, ഇരുമ്പു കസേരയിലിരുന്നു കയ്യിലുള്ള പുസ്തകത്തിലേക്കു മിഴിച്ചു നോക്കും. അരിച്ചു കയറുന്ന തണുപ്പു നിക്കറിന്റെ അതിര്‍വരമ്പുകള്‍ കടന്നു ശരീരത്തിലെക്കു തുളക്കുമ്പോള്‍ കുളിരു കൊണ്ട്‌ അവന്റെ പല്ല് സാധാരണ കൂട്ടിയിടിക്കുന്നതു അവന്‍ തന്നെ കേള്‍ക്കാറുണ്ട്‌. അതോര്‍ത്തപ്പോള്‍ തന്നെ സിറാജിനു കുളിര്‍ന്നു. അവന്‍ പുതപ്പിനടിയിലേക്കു ഒന്നു കൂടി ഊളിയിട്ടു.
കുറച്ചു നേരമായിട്ടും ഉമ്മയുടെ അനക്കമൊന്നും കാണാഞ്ഞത്‌ കൊണ്ടു അവന്‍ ഒരാമയെപ്പോലെ വീണ്ടും തല പുറത്തേക്കിട്ട്‌ ഉമ്മുമ്മയെ തോണ്ടി.
"ഉമ്മുമ്മാ... ഒരു കത"
അവന്റെ സ്വരത്തിലെ സങ്കടം തിരിച്ചറിഞ്ഞിട്ടെന്നോണം ഉമ്മുമ്മ കഥ പറഞ്ഞു തുടങ്ങി.
"ഈറാളും മുള ഈരാറ്റുപേട്ടയില്‍
വാഴും മമ്മതു മീതീന്റെ മുമ്പൂത്രനായോരു
മമ്മതുക്കായുടെ വീടു പുകിന്തേ
അത്തമിച്ചത്തര രാത്തിരി സമയം
പേടി സുപാതം കുരച്ചിട്ടെന്തെന്നുമേതെന്നുംചോദിച്ച നേരത്ത്‌..."

സിറാജിനെ ഉള്‍ക്കണ്ഠയുടെ മുള്‍ മുനയില്‍ നിര്‍ത്തി, പാട്ടിന്റെ ഈണത്തില്‍ മുഴുകി ഉമ്മുമ്മ ഉറക്കത്തിലേക്കു വഴുതി വീണു.സിറാജിനു സങ്കടം വന്നു. മെലിഞ്ഞുണങ്ങിയ തോളുകളില്‍ അമര്‍ത്തിക്കുലുക്കിയപ്പോള്‍ ഉമ്മുമ്മ കണ്ണു മിഴിച്ചു.കുഴിഞ്ഞൊട്ടിയ കണ്‍തടങ്ങളില്‍ നരച്ച കണ്ണുകള്‍ തിളങ്ങി.
"എന്നിട്ടു കതയെന്തായി ഉമ്മുമ്മാ" അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടു ഉമ്മുമ്മ വെളുക്കനെ ചിരിച്ചു.
താന്‍ കഥ പറയുകയായിരുന്നുവെന്നു അപ്പോഴാണു അവരോര്‍ത്തത്‌. ഏതു കഥയാണ്‌ പറഞ്ഞിരുന്നതെന്നവര്‍ മറന്നു പോയിരുന്നു.ഈയിടെയായി അങ്ങനെയാണ്‌... ഓര്‍മ്മകളുടെ കണ്ണികള്‍ ഇടക്കിടക്കു വിട്ടു പോകുന്നു...
"മമ്മതുക്കാന്റെ കത എന്തായുമ്മുമ്മാ" സിറാജു വിടാനുള്ള ഭാവമില്ല.
ഈരാറ്റുപേട്ടയിലെ പെരിയ പണക്കാരനായ മമ്മതുക്കാന്റെ വീട്ടില്‍ നട്ടപ്പാതിരക്കു പൊന്നു കക്കാന്‍ വന്ന മറവന്മാരെക്കുറിച്ചാണ്‌ കഥ.
'പേടി സുപാത'മെന്നാല്‍ നായയാണെന്നു ഉമ്മുമ്മ അവനു മുമ്പെ പറഞ്ഞു കൊടുത്തിരുന്നു.
മറവന്മാര്‍ ചൂട്ടു കറ്റകളുമായി കിഴക്കന്‍ മലയിറങ്ങിവരുന്ന വിവരത്തെക്കുറിച്ച്‌ മമ്മതുക്കായ്ക്കു മുമ്പു തന്നെ വിവരം കിട്ടിയിരുന്നു എന്നു ഉമ്മുമ്മ പറഞ്ഞു.
വീട്ടിലെ സാധനങ്ങളൊക്കെ തട്ടിന്‍ പുറത്തൊളിപ്പിച്ചു വെച്ച്, സ്ത്രീകളെയും കുട്ടികളെയും കിണറ്റില്‍ ഇറക്കിയിരുത്തിയാണു മമ്മതുക്കാ മറുതന്ത്രം മെനഞ്ഞത്‌.
എന്നാല്‍ കിണറ്റില്‍ നിന്ന് സ്ത്രീകളുടെ ചിലപ്പും കുട്ടികളുടെ കരച്ചിലും അടക്കി നിര്‍ത്താന്‍ മമ്മതുക്കായ്ക്കായില്ല.
"ഓടി ബാടാ രാമാ.. പൊന്നു മട്ടുമല്ലെടാ,.. പൊമ്പളെയെയും ഇറുക്കെടാ രാമാ...കടത്തി കൊണ്ടു പൊകലാമെടാ രാമാ..."
മറവന്മാര്‍ കിണറ്റിലേക്കു നോക്കി ആര്‍ത്തു വിളിക്കുകയാണ്‌..
സിറാജിന്റെ കണ്ണുകള്‍ ആകാംക്ഷ കൊണ്ടു വിടര്‍ന്നു. എന്തും സംഭവിക്കാം.
മമ്മതുക്കായുടെ കളി വെള്ളത്തിലാകുമോ..
കറുത്തു പിടച്ചവരും കുളിക്കാത്തവരുമായ മറവന്മാര്‍ മമ്മതുക്കായുടെ പെണ്ണുങ്ങളേയും കുട്ടികളേയും പിടിച്ചു കൊണ്ടു പോകുമോ?
എല്ലാ മറവന്മാരും കിണറ്റുകരയില്‍ നിന്നും കിണറ്റിലേക്കു എത്തി നോക്കി.
ഒന്നും കാണാന്‍ കഴിയുന്നില്ല.... കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട്‌...
ആകാംക്ഷ കൊണ്ടു സിറാജിനു ശ്വാസം മുട്ടുന്നതു പോലെ...
കിണറ്റിലേക്കു നോക്കി നിന്ന മറവന്മാര്‍ പിന്നാക്കം മലന്നു വീണു! എന്നിട്ടു നിലത്തു വീണു കിടന്നുരുണ്ടു.
എന്താണു സംഭവിച്ചത്‌..?സിറാജ്‌ വാ പിളര്‍ന്നു...
ഉമ്മുമ്മ രഹസ്യം പൊട്ടിക്കുന്ന ആ ചിരി ചിരിച്ചു.
കിണറ്റിന്റെ ഉള്ളില്‍ വക്കിനോടു ചേര്‍ന്നു ഒരു തട്ടു കെട്ടിയിരുന്നു. അവിടെയായിരുന്നു മമ്മതുക്കായുടെ പണിക്കാരികള്‍ ഒളിച്ചു നിന്നത്‌ അവരുടെ കയ്യില്‍ ഇരുമ്പു ബക്കറ്റു നിറയെ തിളക്കുന്ന ടാറുമുണ്ടായിരുന്നു.
അതിമോഹം മൂത്തു മലയിറങ്ങിയ മറവന്മാര്‍ തിളക്കുന്ന ടാറില്‍ വെന്തു കിടന്നു..
ചെറിയ പൊള്ളലേറ്റവരെ മമ്മതുക്കായുടെ പണിക്കാര്‍ മരത്തില്‍ പിടിച്ചു കെട്ടി.
മുണ്ടക്കയം വെല്ല്യ ഠേഷനില്‍ നിന്നും ഇന്‍സ്പേട്ടര്‍ നേരിട്ടു വന്നു മമ്മതുക്കായെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞത്രെ.
"ഇങ്ങടെ ബുത്തി പെരുത്ത ബുത്തി തന്നെ."
മമ്മതുക്കാ വിനയാന്വിതനായി ചിരിച്ചു.."
സിറാജിനു സന്തോഷമായി...അവന്‍ ഉമ്മുമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു..
മൃദുലമായ ആ കൈകള്‍ ഒരിളം കാറ്റു പോലെ അവന്റെ തലമുടികളെ തടവിക്കൊണ്ടിരുന്നു...
ശര ശര ശബ്ദത്തില്‍ ഒരു മഴ ഓടിയെത്തി ഓടിന്റെ മുകളില്‍ പെരുമ്പറ കൊട്ടി. ഓട്ടിറമ്പില്‍ വെള്ളം വീഴുന്ന ശബ്ദത്തിനു കാതോര്‍ത്ത്‌ സിറാജ്‌ ഉമ്മുമ്മയുടെ മടിയില്‍ പറ്റിക്കിടന്നു.


Comments

തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്‌..
Published By Sunil (
http://spaces.msn.com/members/malayalapusthak...) - November 21 7:43 PM

--------------------------------------------------------------------
ഏവൂരാനും വിശാലമനസ്കനും നന്ദി ...എന്റെ ഉപ്പു കലര്‍ന്ന ഒരു നോവലിനുള്ള എളിയ ശ്രമമാണിതു..കഴിയുന്നത്ര തുടര്‍ച്ചയായി എഴുതണമെന്നാണു ആഗ്രഹം..

:സൂഫി
Published By സൂഫി (
http://spaces.msn.com/members/anazkk/) - November 21 9:11 AM

--------------------------------------------------------------------
നന്നായിട്ടുണ്ട്. ഇനിമേൽ ഇടയ്ക്കിടയ്ക്ക് വന്ന് നോക്കിക്കൊള്ളാം...!!

--ഏവൂരാൻ
Published By ഏവൂരാൻ (
http://ente-malayalam.blogspot.com/) - November 21 5:38 AM

--------------------------------------------------------------------
മനോഹരമായി എഴുതിയിരിക്കുന്നു. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്‌..
Published By
v.m (http://kodakarapuranams.blogspot.com/) - November 19 1:47 PM

--------------------------------------------------------------------