ഏഡ്ഡാണ് ആശുപത്രിയില്‍ക്കിടക്കുന്നത് !!
ട്രൌസറിട്ട കാക്കികള്‍ ഇടവഴികളിലൂടെ വിസിലടിച്ചു പാഞ്ഞു നടന്നു.
രാത്രികളില്‍ അയല്‍പക്കത്തെ വീടുകളില്‍ ലാത്തിപ്പിടികൊണ്ട് മുട്ടിവിളിച്ച്, ഉറക്കപ്പിച്ചില്‍ പുറത്തു വന്നവരെ പോലിസുകാര്‍ പുലഭ്യം പറഞ്ഞു.
ആത്മസുഹൃത്ത് തങ്കി പലവട്ടം മുണ്ടക്കയം സ്റ്റേഷന്‍ കയറിയിറങ്ങി.
ആര്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല.
"പട്ടാളത്തില്‍ തിരിയെപ്പോയിക്കാണും."
"പെനാങ്കിലേക്ക് കടന്നിരിക്കണം"
"വല്യ ഠേഷനിലെ ഏമാന്‍ പിടിച്ചു ജെയിലിലടച്ചു കാണും"
ജനം പല ചേരിയിലായിരുന്നു.
എന്നാല്‍ സംഭവിച്ചത് അതൊന്നുമായിരുന്നില്ല.
തങ്കിയുടെയും റാവുത്തറുടേയും വീടിനടുത്ത് മഹാമേരു പോലെ പടര്‍ന്ന്,പന്തലിച്ചു നിന്നിരുന്ന വരിക്കപ്ലാവിന്റെ താഴെ, സന്ധ്യ മയങ്ങുമ്പോള്‍ കരിവളക്കിലുക്കത്തോടെ ഒരു ചെമ്പുതൂക്കുപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. തഴച്ചു നില്‍ക്കുന്ന തകരച്ചെടികള്‍ക്കിടയില്‍ തൂക്കുപാത്രം വെച്ചു കരിവളക്കിലുക്കം മെല്ലെയകലുന്ന നിമിഷങ്ങളില്‍ തൂക്കുപാത്രവും അതിലുള്ള ചൂട് കഞ്ഞിയും, ചെണ്ട പുഴുങ്ങിയ കപ്പയും, കാന്താരിച്ചമ്മന്തിയും അപ്രത്യക്ഷമായിക്കൊണ്ടുമിരുന്നു.
ജനമിതൊന്നുമറിഞ്ഞില്ലെന്നല്ല കരിവളയുടെ കൂടെപ്പിറന്ന തങ്കി പോലുമറിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.
റാവുത്തര്‍ എങ്ങും പോയില്ല!
തനിക്ക് ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒക്കെ നോക്കി രസിച്ച്, പ്ലാങ്കൊമ്പില്‍ ചാക്കു കെട്ടിയുണ്ടാക്കിയ തന്റെ തൂക്കു കട്ടിലില്‍ ചാരിക്കിടന്നു ബീഡി പുകച്ചും പഴയ പുസ്തകങ്ങള്‍ വായിച്ചും ആഴ്ചകളോളം മരത്തില്‍ കൂടു കെട്ടി വാഴുകയായിരുന്നു റാവുത്തര്‍. സ്വയരക്ഷക്കായി കൂടെക്കരുതിയിരുന്ന ഇരുമ്പുറാത്തലിന്റെ കട്ടി റാവുത്തര്‍ ചാക്കുനൂലില്‍ കെട്ടി പ്ലാവില്‍ ഞാത്തിയിട്ടു.
റാവുത്തറുടെ തിരോധാനം നാട്ടിലെ ജനങ്ങളില്‍ ഇഛ്ചാഭംഗമുണ്ടാക്കി.
ഉദ്വേഗജനക നാളുകള്‍ തണുത്തു വിറങ്ങലിച്ചപ്പോള്‍ ജനത്തിന് മരവിപ്പിന്റേതായ വിരസത അനുഭവപ്പെട്ടു.
ജനം ഉണരുന്നു... കട്ടന്‍ കാപ്പിയടിക്കുന്നു... ഓല കുത്തിമറച്ച കക്കൂസുകളില്‍ വെളിക്കിരിക്കുന്നു... കാലിച്ചായ അടിക്കുന്നു... കപ്പ പുഴുങ്ങിയതോ... പുട്ടു പുഴുങ്ങിയതോ അടിക്കുന്നു ചിലര്‍ പണിക്കു പോകുന്നു... പണിക്കു പോകാത്തവര്‍ കലുങ്കിലിരുന്നു നാട്ടുകാര്യങ്ങളും കൊതിക്കെറുവുകളും പറഞ്ഞ് നേരം കൊല്ലുന്നു... എല്ലു മുറിയെ പണിയുന്നവര്‍ ക്ഷീണിതരായി തിരിച്ചു കൂരകളിലേക്ക്, എരിവെയിലത്തിരുന്നു കൊതിവര്‍ത്തമാനം പറഞ്ഞിരുന്നവരും വെയിലേറ്റ് ക്ഷീണിച്ച് കൂരയിലേക്ക്...രാത്രി ഉണക്കമീന്‍ ചുട്ടതും കഞ്ഞിയും...കുടിക്കുന്നു... ഉറങ്ങുന്നു.. വീണ്ടും ഉണരുന്നു.
പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല.
ലോകം പഴയ പടി... വെറുതെ ഒഴുക്കിനൊത്തു ഒഴുകുകയാണ്.
ഇതിനിടെ കോട്ടയം ചന്തമൈതാനിക്കടുത്തുള്ള പഴയ തപാലാപ്പീസിന്റെ വരാന്തയില്‍ റാവുത്തറെ ഒരിക്കല്‍ കണ്ടതായി ചന്തക്ക് പച്ചക്കറിയെടുക്കാന്‍ പോയ കുഞ്ഞൌത ആണയിട്ട് പറഞ്ഞത് നാട്ടുകാര്‍ വിശ്വസിച്ചുമില്ല.
എന്നാല്‍ ഒരു ദിവസം മുണ്ടക്കയം വലിയ ഠേഷനില്‍ റാവുത്തര്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. വലിയേമാനെക്കണ്ട് റാവുത്തറിറങ്ങുമ്പോള്‍ കൂടെ ഒരു ജനാരവവുമുണ്ടായിരുന്നു. കേസൊതുക്കിത്തീര്‍ത്തത് പട്ടാളത്തില്‍ നിന്നു വന്ന കമ്പി സന്ദേശമാണെന്നും, അതല്ല, ഠേഷനിലെ വലിയേമാന്‍ റാവുത്തറുടെ പഴയ ചങ്ങാതിയാണെന്നും ജനം ശ്രുതി പറഞ്ഞു.
റാവുത്തര്‍ ഒന്നും മിണ്ടിയില്ല.
ഒന്നും സംഭവിക്കാത്തതു പോലെ നെഞ്ച് വിരിച്ച് ബീടിപ്പുകയൂതിയകറ്റിക്കൊണ്ട് പതിവുപോലെ കല്ലൂതെക്കേല്‍ തറവാട്ടിലേക്ക് നടന്നു കയറി, കോലായിലെ തന്റെ പതിവുചാരുകസേരയില്‍ കയറി ചാഞ്ഞു.
അന്തിച്ചു നിന്ന ജനം അന്തിയോടെ തിരിച്ചു പോയി.
* * * *
അടുത്തു തന്നെ റാവുത്തര്‍ മറ്റൊരു സാഹസം കൂടി കാണിച്ചു. കരിവളക്കിലുക്കത്തെ കൈപിടിച്ച് കല്ലൂതെക്കേല്‍ തറവാട്ടിലേക്ക് കൊണ്ടു വന്നു താമസമാരംഭിച്ചു.
പള്ളിക്കൈത്താനക്കാരും നായര്‍ സഭയും കലി കൊണ്ട് വിറച്ചു.
എന്നാല്‍ അടുത്തുപോയി സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
ആത്മമിത്രം തങ്കി വിഷമം മൂത്തു ദിവസങ്ങളോളം കടയടച്ച് ആരോടും മിണ്ടാതെ നടന്നു.
പെങ്ങളെ അടക്കിവളര്‍ത്താത്തതിന് തങ്കി നായര്‍ പ്രമാണികളുടെ ശകാരമേറെ കേട്ടു.
സഹികെട്ട തങ്കി പൊട്ടിത്തെറിച്ചു
" ഞാം സഹിച്ച്. നിങ്ങക്കെന്താ. അവളു സ്നേഹിച്ചവന്റെ കൂടെയല്ലേ തമസിക്കുന്നത്. റാവുത്തറെ എനിക്കു വര്‍ഷങ്ങളായി അറിയാം. അവന്‍ നല്ലവനാ".
നായര്‍ പ്രമാണികള്‍ പിണങ്ങിപ്പോയി.
പള്ളിക്കാര്‍ മുറ്റത്ത് നിന്നു മാത്രം മുറുമുറുത്തു.
"കാഫ്രിച്ചിയെയാണ് കൂടെപ്പൊറുപ്പിച്ചിരിക്കുന്നത്. അതോര്‍മ്മ വേണം. ഹലാലല്ലാത്ത നെക്കാഹ്. പടച്ചോനു നെരക്കാത്തത് ഏതു പട്ടാളക്കാരനാണേെലും ചെയ്യരുത്."
റാവുത്തര്‍ ഒന്നിരുത്തിമൂളി.
"നിങ്ങളു വന്ന് നടത്തിത്തന്നാലേ ഹലാലാവുകയുള്ളോ?"
റാവുത്തറുടെ ചോദ്യം ചാട്ടുളി പോലെയായിരുന്നു.
"അത് .. സാക്ഷികള്.. പൊതു ജനം" പള്ളിക്കാര് നിന്നു വിക്കി.
"ആ എന്നാല് കേട്ടോ.. എന്റെ സാക്ഷി സാക്ഷാല്‍ പടച്ചോനാ... പിന്നെ ഇദ്ദുനിയാവിലെ സകല *മഖ്‌ലൂക്കുകളും"
ചെങ്കല്ലു പാകിയ നട കടന്നു ഇടത്തേ വഴിയിലൂടെ റാവുത്തര്‍ നിരത്തിലേക്കു ഇറങ്ങി നടന്നു.
=====================================================
*മഖ്‌ലൂക്ക് : സൃഷ്ടി
Labels: നോവല്‍